ജസ്നയെ കണ്ടെത്താൻ കഴിഞ്ഞില്ല ;കേസ് അവസാനിപ്പിച്ച് സിബിഐ
പത്തനംതിട്ടയിൽ നിന്ന് കാണാതായ ജെസ്‌നയെ കണ്ടെത്താനായില്ല. ജെസ്‌നയുടെ തിരോധാനക്കേസിൽ സി.ബി.ഐ അവസാനിപ്പിച്ചു. ജെസ്‌നയ്ക്ക് എന്ത് സംഭവിച്ചുവെന്നതിന് തെളിവില്ലെന്നും സി.ബി.ഐ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. അന്വേഷണത്തിൽ നിർണായക തെളിവുകൾ ലഭിച്ചില്ലെന്നും സി.ബി.ഐ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കി. 2018 മാർച്ച് 22 നാണ് കാഞ്ഞിരപ്പള്ളി എസ്.ഡി കോളേജ് വിദ്യാർഥിയായിരുന്ന ജെസ്‌നയെ കാണാതായത്. എരുമേലി വെച്ചൂചിറ സ്വദേശിനയായ ജെസ്‌നയെ കാണാതായ അന്നുമുതൽ ആരംഭിച്ച അന്വേഷണത്തിൽ യാതൊരു പുരോഗതിയും ഉണ്ടായില്ല.
കഴിഞ്ഞ അഞ്ച് വർഷമായി ജെസ്‌ന എവിടെയെന്ന് കേരളമൊന്നാകെ ഉയർത്തിയ ചോദ്യമാണ് ഉത്തരമില്ലാതെ അവസാനിക്കുന്നത്. ജെസ്‌ന ജീവിച്ചിരിക്കുന്നുണ്ടോ മരിച്ചോ എന്ന അടിസ്ഥാന സംശയത്തിന് പോലും ഉത്തരം ലഭിച്ചില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. മുണ്ടക്കയത്തെ ബന്ധുവീട്ടിലേക്കെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ ജെസ്‌ന മുണ്ടക്കയത്തെ ബസ് സ്റ്റാന്റിലൂടെ നടക്കുന്ന ദൃശ്യങ്ങൾ വരെ ലഭിച്ചിരുന്നു. എന്നാൽ അതിനുശേഷം ജെസ്‌നക്ക് എന്തുസംഭവിച്ചുവെന്നതിനെ കുറിച്ച് വിവരങ്ങളൊന്നും ലഭിച്ചില്ല. തിരുവനന്തപുരം സി.ബി.ഐ കോടതിയിലാണ് സി.ബി.ഐ റിപ്പോർട്ട് സമർപ്പിച്ചത്.