കണ്ണൂരിൽ ഭിന്നശേഷിക്കാരനായ കുട്ടിയെ തെരുവുനായ്ക്കൾ കടിച്ചുകൊന്നത് ദൗർഭാഗ്യകരം: സുപ്രീം കോടതി
കണ്ണൂർ മുഴപ്പിലങ്ങാട് ഭിന്നശേഷിക്കാരനായ കുട്ടിയെ തെരുവുനായ്ക്കൾ കടിച്ചുകൊന്ന സംഭവം ദൗർഭാഗ്യകരമെന്ന് സുപ്രീം കോടതി. കണ്ണൂർ ജില്ലാ പഞ്ചായത്ത് നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു കോടതി. പേവിഷബാധയുള്ളതും ആക്രമകാരികളുമായ തെരുവുനായ്ക്കളെ ദയാവധം ചെയ്യാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കണ്ണൂർ ജില്ലാ പഞ്ചായത്ത് അധ്യക്ഷ പി.പി.ദിവ്യയാണ് സുപ്രീംകോടതിയെ സമീപിച്ചത്.
കേസ് അടിയന്തരമായി പരിഗണിക്കണമെന്ന് ജില്ലാപഞ്ചായത്തിനുവേണ്ടി ഹാജരായ അഭിഭാഷകൻ ആവശ്യപ്പെട്ടു. എന്നാൽ അടുത്ത മാസം 12ന് വാദം കേൾക്കാമെന്ന് കോടതി അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് എതിർകക്ഷികൾക്ക് നോട്ടിസ് അയയ്ക്കും. അടുത്ത മാസം ഏഴിനകം മറുപടി നൽകണം. തുടർന്ന് കേസ് വിശദമായി പരിഗണിക്കാമെന്നാണ് കോടതി അറിയിച്ചത്.
നിലവിലെ സാഹചര്യത്തിൽ നായ്ക്കളെ കൊല്ലാൻ സാധിക്കില്ല. തെരുവുനായ ആക്രമണം വർധിച്ചതോടെ കൊല്ലാനുള്ള അനുമതി നൽകാൻ കോടതി തയാറാകുമോ എന്നാണ് ഉറ്റുനോക്കുന്നത്. അതേ സമയം, നായ്ക്കളെ കൊല്ലാൻ അനുമതി നൽകരുതെന്ന് ആവശ്യപ്പെട്ട് മൃഗസംരക്ഷണ സംഘടനകൾ രംഗത്തുണ്ട്.