ഇന്ത്യയുടെ പ്രഥമ സൗരദൗത്യമായ ആദിത്യ എൽ1 വിജയകരം
127 ദിവസവും 15 ലക്ഷം കിലോമീറ്ററും നീണ്ട യാത്ര പൂർത്തിയാക്കി, ഇന്ത്യയുടെ പ്രഥമ സൗരദൗത്യം ആദിത്യ എൽ1 ലക്ഷ്യസ്ഥാനത്തെത്തി. പേടകം ഒന്നാം ലഗ്രാഞ്ച് ബിന്ദുവിൽ (എൽ1) എത്തിയതായി ഐഎസ്ആർഒ സ്ഥിരീകരിച്ചു. ഇതോടെ, ഇന്ത്യയുടെ പ്രഥമ സൗരദൗത്യമാണ് വിജയകരമായി ലക്ഷ്യസ്ഥാനത്ത് എത്തിയിരിക്കുന്നത്.
ഇതിനുള്ള അവസാന കടമ്പയായ ഭ്രമണപഥമാറ്റം ഇന്നു വൈകിട്ടു 4ഓടെ വിജകരമായി പൂർത്തിയായി. അഞ്ചു വർഷം ഇവിടെ തുടർന്ന് സൂര്യനെക്കുറിച്ച് പഠിക്കുകയാണ് ദൗത്യത്തിന്റെ ലക്ഷ്യം.
അതിവേഗം സഞ്ചരിക്കുന്ന പേടകത്തിലെ ത്രസ്റ്ററുകളെ കമാൻഡുകളിലൂടെ പ്രവർത്തിപ്പിച്ചാണു ഭ്രമണപഥമാറ്റം നടത്തിയത്. സൂര്യനും ഭൂമിക്കും ഇടയിൽ ഇവ രണ്ടിന്റെയും സ്വാധീനം തുല്യമായ എൽ1 ബിന്ദുവിലെ പ്രത്യേക സാങ്കൽപിക ഭ്രമണപഥത്തിൽ എത്തിയതോടെ, ഇനി അധികം ഇന്ധനം ഉപയോഗിക്കാതെ ദീർഘകാലത്തേക്കു പേടകത്തെ അവിടെ നിലനിർത്താം. സൂര്യനെ കൂടുതൽ അടുത്തുനിന്നു നിരീക്ഷിക്കാനും പഠിക്കാനുമായി 2023 സെപ്റ്റംബർ 2നു ശ്രീഹരിക്കോട്ടയിൽനിന്നാണ് ആദിത്യ എൽ1 വിക്ഷേപിച്ചത്.
ആദിത്യ എത്തുന്ന എൽ1 ബിന്ദുവിൽനിന്നു സൂര്യനിലേക്ക് 14.85 കോടി കിലോമീറ്ററുണ്ട്. ബെംഗളൂരുവിലെ ഐഎസ്ആർഒ ടെലിമെട്രി ട്രാക്കിങ് ആൻഡ് കമാൻഡ് നെറ്റ്‌വർക് (ഇസ്ട്രാക്) ആണ് ഉപഗ്രഹത്തെ നിയന്ത്രിക്കുന്നത്.