പണം നിക്ഷേപിച്ചവർക്ക് 13 കോടി നഷ്ടം; വി.എസ്.ശിവകുമാറിന്റെ വീട്ടിൽ പ്രതിഷേധം
മുൻമന്ത്രിയും കോൺഗ്രസ് നേതാവുമായ വി.എസ്. ശിവകുമാറിന്റെ ശാസ്തമംഗലത്തുള്ള വീടിനുമുന്നിൽ അൺ എംപ്ലോയീസ് സോഷ്യൽ വെൽഫയർ കോ- ഓപ്പറേറ്റീവ് സൊസൈറ്റിയിലെ നിക്ഷേപകരുടെ പ്രതിഷേധം. സൊസൈറ്റി പ്രസിഡന്റ് എം. രാജേന്ദ്രൻ പണം മുഴുവൻ പിൻവലിച്ചുവെന്നും വി.എസ്. ശിവകുമാറിന്റെ ഉത്തരവാദിത്തത്തിന്മേലാണ് തങ്ങൾ നിക്ഷേപം നടത്തിയതെന്നും ആരോപിച്ചാണ് പ്രതിഷേധം.
കിള്ളിപ്പാലം, വെള്ളായണി, നേമം എന്നിവിടങ്ങളിലായിരുന്നു അൺ എംപ്ലോയീസ് സോഷ്യൽ വെൽഫയർ കോ- ഓപ്പറേറ്റീവ് സൊസൈറ്റിക്ക് ശാഖകൾ ഉണ്ടായിരുന്നത്. ഇവിടങ്ങളിൽ നിക്ഷേപം നടത്തിയവർക്കാണ് പണം നഷ്ടമായതെന്നാണ് ആരോപണം. 300ലേറെപ്പേർക്കായി 13 കോടിയോളം രൂപ ഇത്തരത്തിൽ നിക്ഷേപത്തുക കിട്ടാനുണ്ടെന്നും പ്രതിഷേധക്കാർ പറയുന്നു.
വി.എസ്. ശിവകുമാറിന്റെ ബിനാമി കരകുളം സ്വദേശിയായ അശോകനെ പറഞ്ഞയച്ചാണ് തന്റെ കൈയിൽനിന്ന് നിക്ഷേപം വാങ്ങിയതെന്ന് പ്രതിഷേധക്കാരിൽ ഒരാൾ പറഞ്ഞു. ഇപ്പോൾ ഇതിൽ ഒരു ബന്ധവുമില്ലെന്നാണ് ശിവകുമാർ പറയുന്നത്. അദ്ദേഹം പറഞ്ഞിട്ടാണ് പണം നിക്ഷേപിച്ചത്. ഇപ്പോൾ അദ്ദേഹം ഉത്തരവാദിത്തത്തിൽനിന്ന് കൈയൊഴിയുന്നു. നവംബർ അഞ്ചിന് മകളുടെ കല്യാണമാണ്. അതുകൊണ്ടാണ് പണത്തിന് ആവശ്യമായി വന്നത്. 30 ദിവസമേ കല്യാണത്തിനുള്ളൂ. വേറൊരു മാർഗവുമില്ലെന്നും അദ്ദേഹം പറഞ്ഞു.