കിളികൊല്ലൂർ പോലീസ് മര്‍ദനം; സൈന്യം ഇടപെടുന്നു, അന്വേഷണം ആരംഭിച്ചു
കിളികൊല്ലൂരിലെ പോലീസ് മർദനത്തിൽ സൈന്യം ഇടപെടുന്നു. കൊല്ലം കിളികൊല്ലൂരിൽ പൊലീസ് മർദനത്തിൽ പരിക്കേറ്റ സൈനികനായ വിഷ്ണുവിന്റെ വീട്ടിൽ പാങ്ങോട് സൈനിക ക്യാമ്പിലെ ഉദ്യോഗസ്ഥരെത്തി വിവരങ്ങൾ ശേഖരിച്ചു. പൊലീസിൽ നിന്നുണ്ടായ അക്രമ വിവരങ്ങളും വ്യാജ കേസിന്റെ വിശദാംശങ്ങളുമാണ് ഉദ്യോഗസ്ഥർ പ്രധാനമായും ചോദിച്ചറിഞ്ഞത്. ആഗസ്റ്റ് 25ന് വിഷ്ണുവിനെ അറസ്റ്റ് ചെയ്‌തെങ്കിലും സൈനിക ക്യാമ്പിൽ പൊലീസ് അറിയിച്ചത് വൈകിയാണെന്നാണ് ലഭിക്കുന്ന വിവരം.
സൈനികനെ അറസ്റ്റ് ചെയ്താൽ 24 മണിക്കൂറിനകം വിവരം സൈന്യത്തെ അറിയിക്കണമെന്നുള്ളപ്പോഴാണ് പൊലീസിന്റെ ഭാഗത്ത് നിന്നും വീഴ്ച്ചയുണ്ടായത്. ഒരു സൈനികൻ അവധിയിലാണെങ്കിലും അയാൾ ഡ്യൂട്ടിയിലാണെന്നാണ് സൈന്യം കണക്കാക്കുക. ഏതെങ്കിലും കേസിൽ സൈനികൻ പ്രതിയായാൽ സമീപത്തെ റെജിമെന്റിനെ അറിയിക്കുകയെന്നതാണ് നിയമം.തുടർന്ന് മിലിട്ടറി പൊലീസ് കേസ് ഏറ്റെടുക്കുക എന്നതാണ് രീതി.
ഇക്കാര്യം സൈന്യത്തെ അറിയിക്കുന്നതിൽ പൊലീസിന് വീഴ്ചപറ്റി. കേസിൽ മർദനം ഉൾപ്പെടെയുണ്ടായ ശേഷമാണ് പാങ്ങോട് ഇക്കാര്യം അറിയിച്ചത്. ഇക്കാര്യങ്ങളെല്ലാം സൈന്യം പരിശോധിക്കും. അതേസമയം സൈനികനെ മർദ്ദിച്ചതിൽ പ്രതിരോധ മന്ത്രിക്ക് എൻ.കെ പ്രേമചന്ദ്രൻ എംപി വഴി പരാതി നൽകാനാണ് കുടുംബത്തിന്റെ തീരുമാനം.