കെ എസ് ഇ ബി ഉദ്യോഗസ്ഥർ വാഴ വെട്ടി നശിപ്പിച്ച സംഭവം; കർഷകന് നഷ്ടപരിഹാരം ഉടൻ നൽകും, തുക പ്രഖ്യാപിച്ചു
എറണാകുളം കോതംമംഗലം വാരപ്പെട്ടിയിൽ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേൽക്കുമെന്ന കാരണം ചൂണ്ടിക്കാട്ടി കുലച്ച വാഴകൾ വെട്ടിനശിപ്പിച്ച സംഭവത്തിൽ പ്രശ്ന പരിഹാരത്തിന് കെഎസ്ഇബി നീക്കം. മൂന്നര ലക്ഷം രൂപ വാഴകൾ നഷ്ടപ്പെട്ട കർഷകന് നഷ്ടപരിഹാരം നൽകാനാണ് തീരുമാനം. ഇന്ന് കൃഷി വകുപ്പിന്റെയും വൈദ്യുതി വകുപ്പിന്റെയും മന്ത്രിമാർ തമ്മിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് ശേഷമാണ് തുക പ്രഖ്യാപിച്ചത്
കോതമംഗലം വാരപ്പെട്ടിയിലാണ് കെഎസ്ഇബി 220 കെ വി ലൈനിന് താഴെയുള്ള ഭൂമിയിലെ വാഴകൃഷി വെട്ടി നശിപ്പിച്ചത്. ലൈൻ തകരാർ പരിഹരിക്കുന്നതിന് വേണ്ടിയെന്ന് കാരണം പറഞ്ഞാണ് വൈദ്യുതി വകുപ്പ് ജീവനക്കാർ കുലച്ച വാഴകൾ വെട്ടിയത്. വാരപ്പെട്ടിയിലെ കാവുംപുറം തോമസിന്‍റെ 406 വാഴകളാണ് വാഴയില തട്ടി ലൈൻ തകരാറായെന്ന കാരണം ചൂണ്ടിക്കാട്ടി കെ എസ് ഇ ബി വെട്ടിക്കളഞ്ഞത്.
തോമസ്സിന്‍റെയും മകൻ അനീഷിന്‍റെയും പത്ത് മാസക്കാലത്തെ അദ്ധ്വാനമാണ് കെ എസ് ഇ ബി നിർദാക്ഷിണ്യം വെട്ടിനശിപ്പിച്ചത്. കൃഷിയിറക്കിയ ഒരേക്കറിൽ അര ഏക്കറോളം സ്ഥലത്തെ വാഴകളും നശിപ്പിക്കപ്പെട്ടിരുന്നു. ഓണവിപണി മുന്നിൽ കണ്ട് ഇറക്കിയ വിളവ് ഒരു മുന്നറിയിപ്പ് പോലും നൽകാതെയാണ് നശിപ്പിച്ചത്. കെഎസ്ഇബിയുടെ നടപടിയിൽ നാല് ലക്ഷം രൂപയുടെ നഷ്ടമെന്നായിരുന്നു കർഷകൻ പറഞ്ഞത്.