ഐഎഎസ് തലപ്പത്ത് വീണ്ടും പോര് ; കെ.ഗോപാലകൃഷ്ണൻ ഐഎഎസിനെതിരെ കുറിപ്പുമായി പ്രശാന്ത് ഐഎഎസ്
ഐഎഎസ് തലപ്പത്തെ ചേരിപ്പോര് വ്യക്തമാക്കി പ്രശാന്ത് ഐഎഎസിന്റെ ഫേസ്ബുക്കിന്റെ കുറിപ്പ്. മല്ലു ഹിന്ദു ഗ്രൂപ്പ് വിവാദത്തിൽ ഗോപാലകൃഷ്ണനെ സംശയ നിഴലിൽ നിർത്തിയാണ് കളക്ടർ ബ്രോയെന്ന പേരിൽ മികച്ച പ്രവർത്തനം കാഴ്ച വച്ച പ്രശാന്ത് എൻ ഐഎഎസിന്റെ കുറിപ്പ്. സ്വയം കുസൃതി ഒപ്പിച്ചു പരാതി പെടുന്ന പ്രവണത ഐഎഎസുകാരിൽ കൂടി വരുന്നു എന്നാണ് പ്രശാന്ത് ഫേസ്ബുക്ക് കുറിപ്പിൽ വിശദമാക്കുന്നത്. എസ് സി എസ് ടി വകുപ്പിലെ തനിക്ക് എതിരായ വാർത്തക്ക് പിന്നിൽ അഡീഷണൽ ചീഫ് സെക്രട്ടറി ജയതിലക് ആണെന്നും പ്രശാന്ത് കുറിപ്പിൽ വിശദമാക്കുന്നത്. തിടമ്പിനേയും തിടമ്പേറ്റിയ ആനയേയും ഇതുവരെ പേടിക്കാത്തവരെ പേടിപ്പിക്കാമെന്ന്, ഭാവിയിൽ തിടമ്പേൽക്കാൻ കുപ്പായം തയ്ച്ചിരിക്കുന്ന കുഴിയാനകൾ ചിന്തിക്കുന്നത് വല്ലാത്ത തിലകത്തമാണെന്നും പ്രശാന്തിന്റെ കുറിപ്പ് വിശദമാക്കുന്നു.
അതേസമയം മല്ലു ഹിന്ദു വാട്സ് ആപ്പ് ഗ്രൂപ്പുണ്ടാക്കിയതിൽ ഫോണ്‍ ഹാക്ക് ചെയ്താതാണെന്ന കെ.ഗോപാലകൃഷ്ണൻ ഐഎഎസിൻറെ പരാതി തള്ളിയാണ് പൊലീസ് റിപ്പോർട്ട് വന്നിട്ടുള്ളത്. ഫൊറൻസിക് പരിശോധനയിലോ, മെറ്റയുടെ വിശദീകരണത്തിലോ ഹാക്കിംഗ് സ്ഥികരിക്കാൻ കഴിഞ്ഞില്ലെന്ന റിപ്പോർട്ടാണ് തിരുവനന്തപുരം സിറ്റി പൊലിസ് കമ്മീഷണർ ഡിജിപിക്ക് നൽകിയത്. ഫോണുകള്‍ ഫോർമാറ്റ് ചെയ്ത് കൈമാറിയതിനാൽ തെളിവ് കണ്ടെത്താനായില്ലെന്ന പൊലീസ് കണ്ടെത്തൽ ഗോപാലകൃഷ്ണന് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ. മല്ലു ഹിന്ദു ഗ്രൂപ്പ് വിവാദത്തിൽ കെ ഗോപാലകൃഷ്ണന് കുരുക്കായാണ് പൊലീസ് റിപ്പോർട്ടുള്ളത്.
കെ.ഗോപാലകൃഷ്ണൻെറ രണ്ടു ഫോണുകള്‍ ഫൊറൻസിക് പരിശോധനക്ക് നൽകിയിരുന്നു. രണ്ട് ഫോണുകളും ഫോർമാറ്റ് ചെയ്ത് നൽകിയതിനാൽ പ്രത്യകിച്ചൊന്നും കണ്ടെത്താൻ കഴിയില്ലെന്നാണ് ഫൊറൻസിക് റിപ്പോർട്ട് വിശദമാക്കുന്നത്. വാട്സ് ആപ്പ് ഗ്രൂ പ്പുകള്‍ ഇപ്പോള്‍ സജീവമല്ലാത്തിനാൽ ഹാക്കിംഗ് നടന്നിട്ടുണ്ടോയെന്ന പറയാനാകില്ലെന്നാണ് മെറ്റ നേരത്തെ നൽകിയ വിശദീകരണം. രണ്ടു റിപ്പോർട്ടുകളും ഫലത്തിൽ ഗോപാലകൃഷ്ണൻെറ വാദം തള്ളുന്നതാണ്. ഹാക്കിംഗ് തെളിയണമെങ്കിൽ ഫോണുകള്‍ ഫോർമാറ്റ് ചെയ്യാൻ പാടില്ലായിരുന്നു, പരാതിക്കാരൻ തന്നെ ഫോൺ ഫോർമാറ്റ് ചെയ്തതിനാൽ തെളിവുകള്‍ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. അതിനാൽ കേസെടുത്ത് അന്വേഷണം നടത്താനാകില്ലെന്നാണ് കമ്മീഷണർ ഡിജിപിയെ അറിയിച്ചിരിക്കുന്നത്.