ബ്രഹ്മപുരത്തെ തീപിടിത്തം: കൊച്ചിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് 3 ദിവസം അവധി; പരീക്ഷകള്‍ക്കു മാറ്റമില്ല
ബ്രഹ്മപുരം മാലിന്യശേഖരണ പ്ലാന്റില്‍ ഉണ്ടായ തീപിടിത്തത്തെ തുടർന്നുണ്ടായ വിഷപ്പുക പൂർണമായും ശമിക്കാത്തതിനാൽ കൊച്ചിയിലെയും സമീപ പ്രദേശങ്ങളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച മുതൽ മൂന്നു ദിവസം അവധി പ്രഖ്യാപിച്ച് എറണാകുളം ജില്ലാ കലക്ടർ എൻ.എസ്.കെ.ഉമേഷ്. എസ്എസ്എൽസി, വിഎച്ച്എസ്ഇ, ഹയർ സെക്കൻഡറി പ്ലസ് വൺ, പ്ലസ് ടു പൊതു പരീക്ഷകൾക്കും സർവകലാശാല പരീക്ഷകൾക്കും അവധി ബാധകമല്ലെന്ന് കലക്ടർ അറിയിച്ചു.
ആരോഗ്യപരമായ മുൻകരുതലിന്റെ ഭാഗമായി വടവുകോട് -പുത്തൻകുരിശ് ഗ്രാമപഞ്ചായത്ത്, കിഴക്കമ്പലം ഗ്രാമപഞ്ചായത്ത്, കുന്നത്തുനാട് ഗ്രാമപഞ്ചായത്ത്, തൃക്കാക്കര മുനിസിപ്പാലിറ്റി, തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റി, മരട് മുനിസിപ്പാലിറ്റി, കളമശ്ശേരി മുനിസിപ്പാലിറ്റി, കൊച്ചി മുനിസിപ്പൽ കോർപ്പറേഷൻ എന്നീ തദ്ദേശ സ്ഥാപനങ്ങളിലെ പ്രഫഷനൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിൽ അവധിയായിരിക്കും.
അങ്കണവാടികൾ, കിന്റർഗാർട്ടൺ , ഡേ കെയർ സെന്ററുകൾ എന്നിവയ്ക്കും സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ്, സിബിഎസ്ഇ, ഐസിഎസ്ഇ, സ്‌കൂളുകൾക്കും അവധി ബാധകമായിരിക്കും.