ഹൈറിച്ച് ഓൺലൈൻ തട്ടിപ്പ് കേസ് ; അന്വേഷണം സിബിഐയ്ക്ക് വിട്ട് സർക്കാർ ഉത്തരവിറക്കി
ഹൈറിച്ച് ഓൺലൈൻ തട്ടിപ്പുകേസിൽ അന്വേഷണം സി.ബി.ഐയ്ക്കു വിട്ടു. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരാണ് ഉത്തരവിറക്കിയത്. ഡി.ജി.പിയുടെ ശുപാർശ പ്രകാരമാണു നടപടി. നിലവിൽ ക്രൈംബ്രാഞ്ചിന്റെ സാമ്പത്തിക പരിശോധനാ വിഭാഗമാണ് അന്വേഷണം നടത്തുന്നത്. ക്രൈംബ്രാഞ്ച് അന്വേഷണത്തെക്കാൾ കേന്ദ്ര ഏജൻസിക്ക് കൈമാറുന്നതാണ് അഭികാമ്യമെന്ന് ഡി.ജി.പി അറിയിച്ചിരുന്നു.
ഏതെങ്കിലും കേന്ദ്ര ഏജൻസി അന്വേഷിക്കേണ്ട ഗുരുതര സ്വഭാവം കേസിനുണ്ടെന്നാണ് സർക്കാർ ഉത്തരവിൽ പറയുന്നത്. 750 കോടി രൂപയുടെ തട്ടിപ്പ് നടന്നെന്നാണ് ആഭ്യന്തര വകുപ്പിന്റെ കണ്ടെത്തൽ. ഇത് സി.ബി.ഐ അന്വേഷിക്കണമെന്ന് സംസ്ഥാന പൊലീസ് മേധാവി സർക്കാരിനെ അറിയിക്കുകയായിരുന്നു. ഇതിനു പിന്നാലെയാണ് സർക്കാർ ഉത്തരവ് പുറത്തിറക്കിയത്.
മൾട്ടി ലെവൽ ബിസിനസ് മാർക്കറ്റിങ്ങിന്റെ മറവിൽ 1,600 കോടിയോളം രൂപ വിവിധ വ്യക്തികളിൽ നിന്നു ശേഖരിച്ച് ഹൈറിച്ച് ഉടമകൾ ഒ.ടി.ടി പ്ലാറ്റ്‌ഫോമിന്റെ പേരിൽ വിവിധ ഇടപാടുകൾ നടത്തിയെന്നാണ് ഇ.ഡി അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്. എന്നാൽ, ആഭ്യന്തര വകുപ്പിന്റെ അന്വേഷണത്തിൽ 750 കോടിയുടെ തട്ടിപ്പാണു കണ്ടെത്താനായത്. ഓൺലൈൻ ട്രേഡിങ്ങിന്റെ പേരിലാണ് മണി ചെയിൻ തട്ടിപ്പ് നടന്നത്. ക്രിപ്റ്റോ കറൻസി ഉൾപ്പെടെയുള്ള പേരുകളിൽ വലിയ തോതിൽ ലാഭം വാഗ്ദാനം ചെയ്ത് പണം തട്ടിയെന്നാണ് കേസ്. തൃശൂർ ചേർപ്പ് പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. സ്ഥാപനത്തിന്റെ എം.ഡി തൃശൂർ ചേർപ്പ് സ്വദേശി കെ.ഡി പ്രതാപനെയും ഭാര്യ സീന പ്രതാപനെയും പ്രതി ചേർത്താണ് കേസെടുത്തിരുന്നത്. അന്വേഷണത്തിനിടെ പ്രതാപൻ അറസ്റ്റിലാകുകയും പിന്നീട് ജാമ്യത്തിൽ പുറത്തിറങ്ങുകയുമായിരുന്നു.
അനശ്വരാ ട്രേഡേഴ്‌സിന്റെ ഗ്രോസറി വ്യാപാരത്തിലേക്ക് എന്ന പേരിലാണ് ആദ്യം നിക്ഷേപം സ്വീകരിച്ചത്. പിന്നീട് ക്രിപ്‌റ്റോ കറൻസി, ഒ.ടി.ടി തുടങ്ങി വ്യത്യസ്ത മാർഗങ്ങളിലൂടെ പണം ശേഖരിക്കുകയായിരുന്നു. ഉപഭോക്താക്കളുടേതായി 1,63,000 ഐ.ഡികളാണ് ഹൈറിച്ചിനുള്ളത്. ഇതിൽ നിന്നാണ് 1,630 കോടി രൂപയുടെ തട്ടിപ്പ് നടന്നിട്ടുണ്ടാകാമെന്ന വിലയിരുത്തലിലേക്ക് പൊലീസ് എത്തിയത്.
ഹൈറിച്ച് ഓൺലൈൻ ഷോപ്പിങ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിലാണ് കമ്പനി പ്രവർത്തിക്കുന്നത്. കമ്പനിക്ക് കേരളത്തിലാകെ 78 ശാഖകളും ഇന്ത്യയിലൊട്ടാകെ 680 ശാഖകളും ഉണ്ടെന്ന് പൊലീസ് റിപ്പോർട്ടിലുണ്ട്. ക്രിപ്‌റ്റോ കറൻസി വ്യാപാരം 80 വിദേശ രാജ്യങ്ങളിൽ നടത്തിയുണ്ട്. 12 ലക്ഷം പേരാണ് ഹൈറിച്ചിന്റെ ഒ.ടി.ടിയുള്ളത്.