ബ്രഹ്മപുരം തീ: സ്വമേധയാ കേസെടുത്ത് െഹെക്കോടതി; ഏഴാം ക്ലാസ് വരെ ഇന്നും അവധി
ബ്രഹ്മപുരം മാലിന്യസംസ്കരണ കേന്ദ്രത്തിലെ തീപിടിത്തത്തെത്തുടർന്നു വിഷപ്പുക വ്യാപിച്ച വിഷയത്തിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. കോടതി ഇടപെടൽ ആവശ്യപ്പെട്ടു ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചീഫ് ജസ്റ്റിസ് എസ്.മണികുമാറിനു കത്ത് നൽകിയതിനെത്തുടർന്നാണിത്. കേസ് ഇന്നു പരിഗണിക്കും.
ഇന്നലെ തീ കുറഞ്ഞെങ്കിലും മാലിന്യക്കൂമ്പാരത്തിന്റെ അടിയിൽനിന്നു വൻതോതിൽ പുക ഉയരുകയാണ്. ആലപ്പുഴ ജില്ലയിലെ അരൂരിൽ വരെ ഇന്നലെ പുകയെത്തി. ഇന്നു തമിഴ്നാട്ടിലെ സൂലൂരിൽനിന്നെത്തുന്ന വ്യോമസേനാ ഹെലികോപ്റ്ററുകൾ വെള്ളം സ്പ്രേ ചെയ്തുതുടങ്ങുമെന്നു കലക്ടർ ഡോ. രേണുരാജ് അറിയിച്ചു. ഇന്നലെ നാവികസേനാ ഹെലികോപ്റ്ററുകളും രംഗത്തുണ്ടായിരുന്നു
കൊച്ചി കോർപറേഷൻ, തൃക്കാക്കര, തൃപ്പൂണിത്തുറ, മരട് മുനിസിപ്പാലിറ്റികൾ, വടവുകോട്– പുത്തൻകുരിശ്, കിഴക്കമ്പലം, കുന്നത്തുനാട് പഞ്ചായത്തുകൾ എന്നിവിടങ്ങളിൽ എല്ലാ സ്കൂളുകളിലെയും ഏഴാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്ക് ഇന്നും അവധി പ്രഖ്യാപിച്ചു. പൊതുപരീക്ഷകൾക്കു മാറ്റമില്ല.
ബ്രഹ്മപുരത്തെ 110 ഏക്കറിൽ 95% ഭാഗത്തേക്കും തീ വ്യാപിച്ചിട്ടുണ്ട്. 4 മീറ്റർ വരെ താഴ്ചയിൽ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ചു മാലിന്യം നീക്കി വെള്ളം പമ്പു ചെയ്തു പുക ശമിപ്പിക്കാൻ ശ്രമിക്കുന്നു. അഗ്നിരക്ഷാ സേനാംഗങ്ങളിൽ മിക്കവർക്കും ശാരീരികാസ്വാസ്ഥ്യങ്ങളുണ്ട്. ഇന്നുമുതൽ എറണാകുളം ജനറൽ ആശുപത്രിയിൽ നിന്നുള്ള മെഡിക്കൽ സംഘം ബ്രഹ്മപുരത്തു ക്യാംപ് ചെയ്തു വൈദ്യപരിശോധന നടത്തും.