മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസ്: കെ സുരേന്ദ്രനെ കുറ്റവിമുക്തനാക്കിയ വിധിക്ക് ഹൈക്കോടതി സ്റ്റേ
മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെ കുറ്റവിമുക്തനാക്കിയ കാസർകോട് ജില്ലാ സെഷൻസ് കോടതിയുടെ വിധി ഹൈക്കോടതി സ്റ്റേ ചെയ്തു. സംസ്ഥാന സർക്കാരിന്റെ അപ്പീലിലാണ് ഹൈക്കോടതി ഇടപെടൽ. കേസിൽ കെ സുരേന്ദ്രന് ഹൈക്കോടതി നോട്ടീസ് അയച്ചു. കേസിൽ വരും ദിവസങ്ങളിൽ കോടതി വാദം കേൾക്കും.
സുരേന്ദ്രനെ കുറ്റവിമുക്തനാക്കിയത് സിപിഐഎം-ആർഎസ്എസ് ഡീലിന്റെ ഭാഗമായാണെന്ന ആരോപണം പ്രതിപക്ഷം ശക്തിമാക്കിയതിനു പിന്നാലെയാണ് സർക്കാർ ഹൈക്കോടതിയെ സമീപിച്ചത്. കേസിൽ സുരേന്ദ്രൻ ഉൾപ്പടെ ആറ് ബിജെപി നേതാക്കളെയും കാസർകോട് ജില്ലാ സെഷൻസ് കോടതി കുറ്റവിമുക്തരാക്കിയിരുന്നു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ മഞ്ചേശ്വരം മണ്ഡലത്തിലെ ബിഎസ്പി സ്ഥാനാർഥിയായിരുന്ന കെ. സുന്ദരയെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി നാമനിർദേശ പത്രിക പിൻവലിപ്പിച്ചെന്നായിരുന്നു ക്രൈംബ്രാഞ്ച് സമർപ്പിച്ച കുറ്റപത്രത്തിലെ കണ്ടെത്തൽ.