ക്ഷേത്ര പരിസരത്ത് കാവിക്കൊടി വേണ്ട: ഹൈക്കോടതി
ക്ഷേത്രങ്ങൾ ആത്മീയതയുടെയും ശാന്തിയുടേയും ദീപസ്തംഭങ്ങളാണെന്നും രാഷ്ട്രീയ കരുനീക്കങ്ങൾക്കുപയോഗിക്കരുതെന്നും കോടതി വ്യക്തമാക്കി. പാർത്ഥസാരഥി ഭക്തജനസമിതി എന്ന സംഘടനയുടെ പ്രവർത്തകരെ ക്ഷേത്ര പരിസരത്ത് കാവിക്കൊടി സ്ഥാപിക്കുന്നത് ചിലർ തടഞ്ഞെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹർരജി. ക്ഷേത്രപരിസരത്ത് കാവിക്കൊടി സ്ഥാപിക്കാൻ ശ്രമിച്ചപ്പോൾ ചിലർ തടഞ്ഞെന്നും ആരാധന തടസപെടുത്തിയെന്നും അതിനാൽ പൊലീസ് സംരക്ഷണം നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.
എന്നാൽ ഹർജിക്കാരുടെ ആവശ്യം അംഗീകരിക്കരുതെന്നും അവർ കാവിക്കൊടി സ്ഥാപിക്കാൻ ശ്രമിച്ചതിലൂടെ പ്രദേശത്ത് നിരവധി തവണ സംഘർഷമുണ്ടായിട്ടുണ്ടെന്നും സർക്കാർ ചൂണ്ടിക്കാട്ടി. പ്രത്യേക രാഷ്ട്രീയ പാർട്ടിയുമായി ബന്ധപ്പെട്ട പതാകയാണ് സ്ഥാപിക്കാൻ ശ്രമിച്ചതെന്നും ഇത് ക്ഷേത്രത്തിൽ പ്രശ്നങ്ങളുണ്ടാകുമെന്നും സർക്കാർ അറിയിച്ചു. ഹരജിക്കാരിൽ രണ്ടാമത്തെയാൾ നരഹത്യാ ശ്രമം ഉൾപ്പെടെ നാല് ക്രിമിനൽ കേസുകളിൽ പ്രതിയാണ്. പൊലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിലും ഉൾപ്പെട്ടയാളാണെന്നും സർക്കാർ ചൂണ്ടിക്കാട്ടി.
കൂടാതെ ബാനറും പതാകകളും കാണിക്കവഞ്ചിക്ക് 100 മീറ്റർ പരിസരത്ത് പാടില്ലെന്ന് നേരത്തെ ക്ഷേത്ര ഭരണസമിതി ഉത്തരവിറക്കിയിരുന്നു. ഇത്തരം പതാകകൾ നീക്കം ചെയ്യാൻ ഹൈക്കോടതി തന്നെ മുമ്പ് പൊലീസിന് നിർദേശം നൽകിയിരുന്നതാണെന്നും സർക്കാർ അറിയിച്ചു. തുടർന്നാണ് ഹരജിക്കാരുടെ ആവശ്യം അനുവദിക്കാനാവില്ലെന്നും ക്ഷേത്രങ്ങൾ ആത്മീയതയുടെയും ശാന്തിയുടേയും ദീപസ്തംഭങ്ങളാണെന്നും ചൂണ്ടിക്കാട്ടി കോടതി ഹർജി തള്ളിയത്.
രാഷ്ട്രീയ ഇടപെടലുകൾ നടത്തി ക്ഷേത്രങ്ങളുടെ പവിത്രത കളയരുതെന്നും കോടതി നിർദേശിച്ചു. രാഷ്ട്രീയ കരുനീക്കങ്ങൾ നടത്താനുള്ള വേദിയായി ക്ഷേത്രങ്ങളെ കണക്കാക്കരുതെന്നും കോടതി ചൂണ്ടിക്കാട്ടി. ഹർജിക്കാരുടെ പ്രവൃത്തികൾ ക്ഷേത്രത്തിന്റെ സമാധാന അന്തരീക്ഷം തകർക്കുന്നതാണെന്നും ഹൈക്കോടതി വിലയിരുത്തി. ജസ്റ്റിസ് രാജാ വിജയരാഘവനാണ് ഹർജി തള്ളിയത്.