ഭക്ഷ്യവിഷബാധ വിഷയത്തിലെ സർക്കാർ നടപടികളില്‍ തൃപ്തിയറിയിച്ച് ഹൈക്കോടതി
ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ട് സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പ് സ്വീകരിച്ച നടപടികളില്‍ ഹൈക്കോടതിക്ക് തൃപ്തി. ഭക്ഷ്യവിഷബാധ സംബന്ധിച്ച വാര്‍ത്തകളെ തുടര്‍ന്ന് ഹൈക്കോടതി സ്വമേധയാ എടുത്ത കേസ് തീര്‍പ്പാക്കി. ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ്. മണികുമാറും ജസ്റ്റിസ് ഷാജി പി ചാലിയും അടങ്ങുന്ന ഡിവിഷന്‍ ബെഞ്ചാണ് കേസ് തീര്‍പ്പാക്കിയത്.
ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ട് സര്‍ക്കാരിനോട് ഹൈക്കോടതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. ഭക്ഷ്യവിഷബാധ തടയാന്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് ഈ കാലയളവില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഭക്ഷ്യ സുരക്ഷാ കമ്മീഷണറും നല്‍കിയിരുന്നു. ഇത് പരിശോധിച്ചാണ് കോടതി കേസ് തീര്‍പ്പാക്കിയത്.
ഭക്ഷ്യവിഷബാധയൊഴിവാക്കാന്‍ സര്‍ക്കാര്‍ ഇടപെടലുകള്‍ നടത്തിയിരുന്നു. ഷവര്‍മ മാര്‍ഗനിര്‍ദേശം പുറപ്പെടുവിക്കുകയും നടപ്പിലാക്കാന്‍ കര്‍ശന നിര്‍ദേശം നല്‍കുകയും ചെയ്തു. ഇവർ ലംഘിക്കുന്നുണ്ടോയെന്നറിയാന്‍ പരിശോധനകളും ശക്തമാക്കി. അവബോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി. ഭക്ഷ്യവിഷബാധയേറ്റ് മരണം ഉണ്ടായപ്പോള്‍ തന്നെ അടിയന്തര ഇടപെടല്‍ നടത്തി. ആരോഗ്യ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ് യോഗം ചേര്‍ന്ന് പരിശോധനകള്‍ ശക്തമാക്കാന്‍ നിര്‍ദേശം നല്‍കി. ഭക്ഷണ സ്ഥാപനങ്ങളിലെ എല്ലാവര്‍ക്കും ഫോസ്റ്റാക് ട്രെയിനിംഗ് കര്‍ശനമാക്കിയിരുന്നു.