കിഫ്ബി ഇഡി സമൻസിന് മറുപടി നൽകണമെന്ന് ഹൈക്കോടതി; കേസ് ഫെബ്രുവരി 1ന് പരിഗണിക്കും
മസാല ബോണ്ട് ഇറക്കിയതിൽ ഫോറിൻ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്ട് (ഫെമ) ലംഘിച്ചോ എന്ന് അന്വേഷിക്കാനായി അയച്ച സമൻസിനു മറുപടി നൽകാൻ കിഫ്ബിക്ക് ഹൈക്കോടതി നിർദ്ദേശം നൽകി. കേസിൽ അന്വേഷണം തടസപ്പെടുത്തില്ലെന്ന് ഹൈക്കോടതി ആവർത്തിച്ചു. പ്രാഥമികാന്വേഷണത്തിനു വേണ്ടിയാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) രേഖകൾ ആവശ്യപ്പെടുന്നതെന്നു കോടതി ചൂണ്ടിക്കാട്ടി.
ഉദ്യോഗസ്ഥരെ അനാവശ്യമായി വിളിച്ചു വരുത്തുന്നതിനോടു യോജിപ്പില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. കേസ് വീണ്ടും ഫെബ്രുവരി 1ന് പരിഗണിക്കും. അതേസമയം, രേഖകൾ എല്ലാം നൽകിയിട്ടും ഇ.ഡി വീണ്ടും അതേ ആവശ്യം തന്നെ ഉന്നയിക്കുകയാണ് കിഫ്ബി കോടതിയെ അറിയിച്ചു. കിഫ്ബി സിഇഒ, ഫണ്ട് മാനേജർ തുടങ്ങിയവരെ പലവട്ടം വിളിച്ചു വരുത്തിയെന്നും അവർ വിശദീകരിച്ചു.
അതേസമയം ഇ ഡി സമൻസിനെ എല്ലാവരും ഭയക്കുന്നത് എന്തിനാണെന്നും സമൻസിനെ അനുസരിക്കാത്തത് എന്താണെന്നും ഹൈക്കോടതി ചോദിച്ചു. സമൻസ് കിട്ടിയാൽ അതിനോട് പ്രതികരിക്കാതെ കോടതിയിലേക്ക് വരുന്നതിനോട് യോജിക്കാൻ കഴിയില്ല. അന്വേഷണം തടയാൻ കഴിയില്ല, അന്വേഷണത്തിന് വേണ്ട രേഖകൾ സമർപ്പിക്കാൻ കിഫ്ബിക്ക് ബാധ്യതയുണ്ടെന്നും ഹൈക്കോടതി വ്യക്തമാക്കി.
പ്രമുഖരായിട്ടുള്ളവർക്കു സമൻസ് അയയ്ക്കാറുണ്ടെന്നും ഇത്തരത്തിലുള്ള എതിർപ്പ് ആദ്യമായിട്ടാണെന്നും ഇ.ഡി മറുപടി നൽകി. കേസന്വേഷണം വേഗത്തിൽ തീർക്കാനാണു ശ്രമിക്കുന്നത്. എന്നാൽ കിഫ്ബി സഹകരിക്കുന്നില്ലെന്നും ഇ.ഡി കോടതിയെ അറിയിച്ചു.