ഖേദപ്രകടനം നടത്തിയ കെ എസ് ഹരിഹരന്റെ നിലപാട് സ്വാഗതം ചെയ്യുന്നതായി പ്രതിപക്ഷ നേതാവ്
സ്ത്രീ വിരുദ്ധ പരാമർശത്തിൽ പിഴവ് ബോധ്യമായി ഖേദപ്രകടനം നടത്തിയ കെ എസ് ഹരിഹരന്റെ നിലപാട് സ്വാഗതം ചെയ്യുന്നതായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. ഹരിഹരന്റെ വിവാദ പ്രസ്താവന യു ഡി എഫ് അംഗീകരിക്കുന്നില്ലെന്നും സ്ത്രീവിരുദ്ധമായ പരാമർശം പൂർണമായും തെറ്റാണെന്നും വി ഡി സതീശൻ പറഞ്ഞു.
പൊതുവേദിയിൽ സംസാരിക്കുമ്പോൾ രാഷ്ട്രീയ നേതാക്കൾ എപ്പോഴും മറ്റുള്ളവർക്ക് മാതൃകയാകണം. ഹരിഹരന്റെ പരാമർശത്തിലുള്ള വിയോജിപ്പ് പരിപാടി കഴിഞ്ഞപ്പോൾ തന്നെ അദ്ദേഹത്തെ അറിയിച്ചിരുന്നു. പ്രസ്താവന പിൻവലിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തുവെന്നും വി ഡി സതീശൻ വ്യക്തമാക്കി. പരിപാടിയുടെ സംഘാടകരെന്ന നിലയിൽ കോൺഗ്രസ് കോഴിക്കോട് ജില്ലാ നേതൃത്വവും ഖേദം പ്രകടിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
തെറ്റ് പറ്റിയാൽ തിരുത്തുകയെന്നത് അനിവാര്യതയാണ്. വിവാദ പരാമർശം തള്ളിപ്പറഞ്ഞ ആർ എം പി നേതൃത്വത്തിന്റെ സമീപനവും ഉചിതമായി. രാഷ്ട്രീയ ആരോപണങ്ങൾ മുന കൂർപ്പിച്ച് ഉന്നയിക്കുമ്പോൾ പൊതു പ്രവർത്തകർ തികഞ്ഞ ജാഗ്രത പുലർത്തണം. പുരോഗമന സമൂഹത്തിന് അനുചിതമായ വാക്കുകൾ ആരുടെ ഭാഗത്ത് നിന്നും ഉണ്ടാകാൻ പാടില്ലെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ കൂട്ടിച്ചേർത്തു.