Begin typing your search...

വെടിനിർത്തൽ കരാർ ‍ഞായറാഴ്ച പ്രാബല്യത്തിൽ വരും; കരാർ ഇസ്രയേലും ഹമാസും അംഗീകരിച്ചു

വെടിനിർത്തൽ കരാർ ‍ഞായറാഴ്ച പ്രാബല്യത്തിൽ വരും; കരാർ ഇസ്രയേലും ഹമാസും അംഗീകരിച്ചു
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

15 മാസം പിന്നിട്ട ഗാസ യുദ്ധത്തിനു വിരാമമിട്ട് വെടിനിർത്തൽ കരാർ ഇസ്രയേലും ഹമാസും അംഗീകരിച്ചു. യുഎസിന്റെ നേതൃത്വത്തിലും ഖത്തറിന്റെയും ഈജിപ്തിന്റെയും മധ്യസ്ഥതയിലും ദോഹയിൽ ഒരാഴ്ചയിലേറെ നീണ്ട ചർച്ചകളാണു വിജയം കണ്ടത്. വെടിനിർത്തൽ കരാർ ‍ഞായറാഴ്ച പ്രാബല്യത്തിൽ വരുമെന്നു ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ അൽത്താനി വ്യക്തമാക്കി.

ഇന്ന് ഇസ്രയേലിന്റെ യുദ്ധകാല കാബിനറ്റ് കരാറിന് അന്തിമ അംഗീകാരം നൽകുമെന്നു പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന്റെ ഓഫിസ് അറിയിച്ചു. ഡോണൾഡ് ട്രംപ് പ്രസിഡന്റായി സ്ഥാനമേൽക്കുന്ന 20നു മുൻപ് വെടിനിർത്തൽ പ്രഖ്യാപനം നടത്താ‍ൻ യുഎസ് സമ്മർദം ചെലുത്തിയിരുന്നു. തന്റെയും ട്രംപിന്റെയും സംഘങ്ങളുടെ ഒരുമിച്ചുള്ള ശ്രമങ്ങളാണു വെടിനിർത്തലിലേക്കു നയിച്ചതെന്നു സ്ഥാനമൊഴിയുന്ന പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു. ഗാസ ജനതയുടെ ധീരതയുടെ വിജയമാണിതെന്നു ഹമാസ് പ്രതികരിച്ചു. വെടിനിർത്തൽ പ്രഖ്യാപനം വന്നതോടെ ഗാസയിലെങ്ങും ജനം ആഹ്ലാദപ്രകടനം നടത്തി.

ഗാസ–ഈജിപ്ത് അതിർത്തിയിലെ ഫിലഡൽഫിയ ഇടനാഴിയിൽ സൈന്യം തുടരുമെന്ന ഇസ്രയേൽ നിലപാടിനെ ഹമാസ് എതിർത്തത് ചർച്ചകൾക്കു തടസ്സം സൃഷ്ടിച്ചിരുന്നു. ഇരുപക്ഷവുമായി ഖത്തർ പ്രധാനമന്ത്രി വെവ്വേറെ നടത്തിയ അവസാനഘട്ട ചർച്ചകളിലാണു ധാരണയായത്. വെടിനിർത്തലിന്റെ ആദ്യഘട്ടത്തിൽ ഇവിടെ ഇസ്രയേൽ സൈനികസാന്നിധ്യം കുറച്ചുകൊണ്ടുവരാൻ ധാരണയായി.

42 ദിവസം നീളുന്ന ആദ്യഘട്ടത്തിന്റെ തുടക്കത്തിൽ, ഹമാസിന്റെ ബന്ദികളായ 100 പേരിൽ 33 പേരെ മോചിപ്പിക്കും. പകരം ഇസ്രയേൽ ജയിലിലുള്ള നൂറിലേറെ പലസ്തീൻകാരെ വിട്ടയയ്ക്കും. ഗാസയിലെ ജനവാസമേഖലകളിൽനിന്നു ഇസ്രയേൽ സൈന്യം പിൻമാറുകയും ചെയ്യും. ആദ്യഘട്ടം തീരുംമുൻപുതന്നെ രണ്ടാംഘട്ടത്തിനുള്ള ചർച്ച ആരംഭിക്കും.

യുദ്ധത്തിൽ ഗാസയുടെ ഭൂരിഭാഗം പ്രദേശവും തകർന്നടിയുകയും 23 ലക്ഷം പലസ്തീൻകാരിൽ 90 ശതമാനവും അഭയാർഥികളായി മാറുകയും ചെയ്തു. യുദ്ധത്തിനു കാരണമായ 2023 ഒക്ടോബർ 7ലെ ഹമാസ് കടന്നാക്രമണത്തിൽ തെക്കൻ ഇസ്രയേലിൽ 1200 പേരാണു കൊല്ലപ്പെട്ടത്. 250 പേരെ ഹമാസ് ബന്ദികളാക്കി. നവംബറിൽ ഹ്രസ്വകാല വെടിനിർത്തലിൽ ഇതിൽ പകുതിയോളം പേരെ വിട്ടയച്ചിരുന്നു. അതിനിടെ, 24 മണിക്കൂറിൽ ഗാസയിൽ ഇസ്രയേൽ ആക്രമണങ്ങളിൽ 62 പേർ കൊല്ലപ്പെട്ടതോടെ ആകെ മരണം 46,707 ആയി. 1,10,265 പേർക്കു പരുക്കേറ്റു.

WEB DESK
Next Story
Share it