25 ലക്ഷം രൂപയുടെ ഇൻഷുറൻസ്; ഉത്സവത്തിന് ആനകളെ എഴുന്നള്ളിക്കുന്നതിന് നിബന്ധനകൾ പുറത്തിറക്കി മൃഗസംരക്ഷണ വകുപ്പ്
ഉത്സവത്തിന് ആനകളെ എഴുന്നള്ളിപ്പിക്കുമ്പോൾ പാലിക്കേണ്ട വ്യവസ്ഥകൾ പുറത്തിറക്കി മൃഗസംരക്ഷണ വകുപ്പ്. ഓരോ ആനയ്ക്കും ഉടമയുടെ ഡാറ്റ ബുക്കിന്റെ പകർപ്പ് ഓരോ എഴുന്നള്ളത്തിനു മുമ്പും ഹാജരാക്കണം. മൃഗസംരക്ഷണ - വനം വകുപ്പുകൾ പരിശോധിച്ച് ഫിറ്റ്നസ് സർട്ടിഫിക്കറ്റുകൾ നൽകും. പകൽ 11 മണിക്കും ഉച്ചയ്ക്ക് 3.30 നും ഇടയിലുള്ള സമയം ആനകളെ എഴുന്നള്ളിക്കാൻ പാടില്ലെന്ന് വ്യവസ്ഥകളിലുണ്ട്.
ഒരു ദിവസം ആറുമണിക്കൂറിൽ കൂടുതൽ തുടർച്ചയായി എഴുന്നള്ളിപ്പും അനുവദനീയമല്ല. പരമാവധി ഒരു ദിവസം രണ്ടു പ്രാവശ്യം നാലു മണിക്കൂർ വീതം എഴുന്നള്ളിപ്പിക്കാം. രാത്രി ഉപയോഗിച്ച ആനകളെ വീണ്ടും അടുത്ത പകൽ എഴുന്നള്ളിപ്പിക്കരുത്. ആനകൾ ഉൾപ്പെടുന്ന പുതിയ പൂരങ്ങൾക്ക് അനുവാദം നൽകില്ല. 2020 വരെ രജിസ്റ്റർ ചെയ്തവയ്ക്കാണ് അനുമതി. രജിസ്റ്റർ ചെയ്ത 48 ആനകളാണ് ജില്ലയിലുള്ളത്.
എല്ലാവരും ആനകളിൽ നിന്ന് മൂന്ന് മീറ്റർ മാറിനിൽക്കണം. ആനപ്പാപ്പന്മാർ ഒഴികെ ആരും ആനകളെ സ്പർശിക്കാൻ പാടില്ല. ആനകളെ ഉപയോഗിക്കുന്ന എല്ലാ ഉത്സവങ്ങളും ഉത്സവ കമ്മിറ്റി 72 മണിക്കൂർ സമയത്തേക്ക് 25 ലക്ഷം രൂപയ്ക്കെങ്കിലും ഇൻഷ്വർ ചെയ്യണം. പാപ്പാന്മാർ മദ്യപിച്ച് ജോലിക്കെത്തരുത്. അവർ പൊലീസിന്റെ പരിശോധനയ്ക്ക് വിധേയരാകണം
ആനകളെ ഒരു സ്ഥലത്ത് നിന്നും മറ്റൊരിടത്തേക്ക് കൊണ്ടുപോകുമ്പോൾ ഡി.എഫ്.ഒമാരിൽ നിന്നും വാഹന പെർമിറ്റ് എടുത്തിരിക്കണം. 25 വർഷം മുമ്പ് ആചാരപ്രകാരം നടത്തിയിട്ടുള്ള ആനയോട്ടം മാത്രമേ ഇനി അനുവദിക്കൂ. തലപ്പൊക്ക മത്സരം പോലെയുള്ള ചടങ്ങുകൾ അനുവദിക്കില്ല. പതിനഞ്ചിൽ കൂടുതൽ ആനകളെ പങ്കെടുപ്പിക്കുന്ന ഉത്സവങ്ങൾ നടത്താൻ മതിയായ സ്ഥലമുണ്ടോയെന്ന് പരിശോധിക്കുമെന്ന് ജില്ലാ മൃഗാശുപത്രി മേധാവി ഡോ. ഡി ഷൈൻകുമാർ അറിയിച്ചു.