എഡിഎം നവീൻ ബാബുവിൻ്റെ മരണം സംഭവിക്കാൻ പാടില്ലാത്തതായിരുന്നു; അന്വേഷിച്ച് വിട്ടുവീഴ്ചയില്ലാത്ത നടപടിയെടുക്കുമെന്ന് ഉറപ്പ്: എം.വി ഗോവിന്ദൻ
എഡിഎം നവീൻ ബാബുവിൻ്റെ മരണം സംഭവിക്കാൻ പാടില്ലാത്തതായിരുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ഡൽഹിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കണ്ണൂർ ജില്ലാ പഞ്ചായത്ത് അധ്യക്ഷ പി.പി ദിവ്യയുടെ പരാമർശം ഒഴിവാക്കേണ്ടതായിരുന്നു. സംഭവത്തിൽ അന്വേഷിച്ച് ആവശ്യമായ നടപടി, വിട്ടുവീഴ്ചയില്ലാതെ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
എഡിഎമ്മിന്റെ മരണവുമായി ബന്ധപ്പെട്ട് വലിയ പ്രയാസമാണ് അനുഭവിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. മരണത്തിലേക്ക് നയിച്ച സംഭവത്തിൽ എല്ലാ വശങ്ങളും പരിശോധിക്കും. പാർട്ടി ജില്ലാ കമ്മിറ്റി വിഷയം പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ സരിൻ്റെ നിലപാട് അനുസരിച്ചായിരിക്കും തീരുമാനമെന്ന് എം.വി ഗോവിന്ദൻ വ്യക്തമാക്കി. കോൺഗ്രസിൽ നിന്ന് പുറത്ത് വന്നത് കൊണ്ട് മാത്രം സ്ഥാനാർത്ഥിയാക്കാൻ കഴിയില്ല. നിലപാടാണ് പ്രധാനം. സരിനുമായി ആരൊക്കെ ചർച്ച നടത്തിയെന്ന് തനിക്ക് പറയാനാവില്ല. രാഷ്ട്രീയമാകുമ്പോൾ പലരും സംസാരിക്കും. പാലക്കാട് ആര് വേണമെങ്കിലും ഇടത് സ്ഥാനാർത്ഥിയാകാം. അക്കാര്യത്തിൽ നാളെയോടെ പ്രഖ്യാപനം വരും. സരിൻ്റെ നിലപാടറിഞ്ഞ ശേഷം വീണ്ടും കാണാമെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.
സരിൻ്റെ നിലപാടറിഞ്ഞ ശേഷം പ്രതികരിക്കാമെന്നായിരുന്നു പാലക്കാട് സ്ഥാനാർത്ഥി വിഷയത്തിൽ ഇടതുമുന്നണി കൺവീനർ ടി.പി രാമകൃഷ്ണൻ്റെയും നിലപാട്. സ്വതന്ത്ര സ്ഥാനാർത്ഥികളെ എൽഡിഎഫ് പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. സ്വതന്ത്ര സ്ഥാനാർത്ഥികളുണ്ടാവുന്നതിൽ ആരും ഉത്കണ്ഠപ്പെടേണ്ട. സരിന്റെ കേട്ടിട്ട് ബാക്കി പറയാമെന്നും അദ്ദേഹം പറഞ്ഞു.
പാലക്കാട് ഉചിതമായ സമയത്ത് സ്ഥാനാർഥിയെ പ്രഖ്യാപിക്കുമെന്നായിരുന്നു പി രാജീവിൻ്റെ പ്രതികരണം. അടിച്ചേൽപ്പിച്ച തിരഞ്ഞെടുപ്പാണ് പാലക്കാട് ഉണ്ടായത്. അതിന്റെ മറുപടി ജനങ്ങൾ നൽകും. സരിനെ സ്ഥാനാർഥിയായി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. സരിൻ ഉയർത്തിയ വിഷയങ്ങൾ പ്രസക്തമാണ്. ഹരിയാനയിൽ സംഭവിച്ചത് കേരളത്തിലും കോൺഗ്രസിന് സംഭവിക്കും. ജയിക്കാൻ ഏറ്റവും സാധ്യതയുള്ള സ്ഥാനാർത്ഥിയെ തന്നെയാകും പ്രഖ്യാപിക്കുക. നവീൻ കുമാറിന്റെ മരണം ദൗർഭാഗ്യകരമായ സംഭവമാണെന്നും അന്വേഷണ റിപ്പോർട്ട് വന്നശേഷം തുടർ നടപടി സ്വീകരിക്കുമെന്നും പി രാജീവ് വ്യക്തമാക്കി.