വിശദീകരണത്തിനു മന്ത്രിമാർ 6 മാസമെടുത്തു; സമയം വേണമെന്ന് ഗവർണർ
ആറുമാസം സമയമെടുത്താണ് മന്ത്രിമാർ കാര്യങ്ങൾ വിശദീകരിച്ചതെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. അതുകൊണ്ട് ഇനി തീരുമാനത്തിലെത്താൻ തനിക്കും സമയം വേണം. മലയാളം സർവകലാശാല വിസി നിയമനത്തിൽ സെർച്ച് കമ്മിറ്റിക്ക് രൂപം നൽകേണ്ടത് ചാൻസലറാണ്. എന്ത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ തന്നോട് പ്രതിനിധിയെ ആവശ്യപ്പെട്ടതെന്ന് അറിയില്ല. താൻ ഒപ്പിട്ടാൽ മാത്രമേ ബിൽ നിയമമാകുവെന്നും ഗവർണർ പറഞ്ഞു.
അതേസമയം, മലയാളം സർവകലാശാല വൈസ് ചാൻസലറുടെ ചുമതല കാലിക്കറ്റ് വിസിക്കു നൽകണമെന്നു ആവശ്യപ്പെട്ട് സർക്കാർ ഗവർണർക്കു കത്തു നൽകിയിരുന്നു. സർക്കാർ നിർദേശിച്ച കാലിക്കറ്റ് വിസിയും ഗവർണറുടെ കാരണം കാണിക്കൽ നോട്ടിസ് നേരിടുന്നതിനാൽ അദ്ദേഹത്തിനു വിസി ചുമതല നൽകുമെന്ന് ഉറപ്പില്ല. ഡിജിറ്റൽ സർവകലാശാലാ വിസിക്കു സാങ്കേതിക സർവകലാശാലാ വിസിയുടെ താൽക്കാലിക ചുമതല നൽകണമെന്നു മുൻപു സർക്കാർ നിർദേശിച്ചപ്പോൾ ഇതേകാരണം ചൂണ്ടിക്കാട്ടി ഗവർണർ തള്ളിയിരുന്നു.