ഗവർണർ വഴങ്ങിയില്ല, കാലിക്കറ്റ് സെനറ്റ് ബിൽ മാറ്റിവെച്ചു
ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അനുമതി നൽകാത്തതിനാൽ കാലിക്കറ്റ് സർവകലാശാല സെനറ്റിലും സിൻഡിക്കേറ്റിലും താത്കാലിക ക്രമീകരണത്തിനുള്ള ബിൽ തിങ്കളാഴ്ച നിയമസഭയിൽ അവതരിപ്പിക്കുന്നത് മാറ്റി. കേരളനിയമസഭയുടെ ചരിത്രത്തിലാദ്യമായാണ് ഗവർണർ അനുമതി നൽകാത്തതിനാൽ ബിൽ മാറ്റിവെക്കുന്നത്.
കാലിക്കറ്റ് സർവകലാശാല സെനറ്റിന്റെയും സിൻഡിക്കേറ്റിന്റെയും കാലാവധി മാർച്ച് ആറിന് കഴിയുന്നതിനാൽ താത്കാലിക ക്രമീകരണം എർപ്പെടുത്താനാണ് ബിൽ. എക്സ് ഒഫീഷ്യോ അംഗങ്ങളെക്കൂടാതെ 13 പേരെ നാമനിർദേശം ചെയ്യാനാണ് ബില്ലിലെ വ്യവസ്ഥ.
താത്കാലിക സെനറ്റിലും സിൻഡിക്കേറ്റിലും ഗവർണർ സ്വന്തംനിലയിൽ നാമനിർദേശം നടത്തുന്നത് തടയാനാണ് ഈ നിയമമെന്ന് ആരോപണമുയർന്നിരുന്നു. പ്രതിപക്ഷ അംഗങ്ങൾ വരുന്നത് ഒഴിവാക്കാനും സർവകലാശാലാ ഭരണം സി.പി.എമ്മിന്റെ നിയന്ത്രണത്തിലാക്കാനുമാണ് ഈ നീക്കമെന്ന് പ്രതിപക്ഷവും ആരോപിച്ചു.
ബിൽ നിയമമാവുകയും നടപ്പാക്കുകയും ചെയ്യുമ്പോൾ സാമ്പത്തികബാധ്യത ഉണ്ടാവുമെങ്കിൽ അത് അവതരിപ്പിക്കാൻ ഗവർണറുടെ മുൻകൂർ അനുവാദം വേണം. ഈ ബിൽ അത്തരത്തിലുള്ളതാണ്. അനുമതിതേടി കഴിഞ്ഞയാഴ്ച സർക്കാർ, ഗവർണർക്ക് കത്തുനൽകി. എന്നാൽ, അദ്ദേഹം അനുവദിച്ചില്ല.
ഗവർണർ അനുമതി നൽകുമെന്ന പ്രതീക്ഷയിൽ തിങ്കളാഴ്ച അവതരിപ്പിക്കാനുള്ള ബില്ലുകളുടെ പട്ടികയിൽ ഇത് ഉൾപ്പെടുത്തി. എം.എൽ.എ.മാരിൽനിന്ന് ഭേദഗതികളും സ്വീകരിച്ചു. ബില്ലിന് അനുമതി നൽകാതെ ഗവർണർ ഉത്തരേന്ത്യൻ പര്യടനത്തിന് തിരിച്ചു. ഇനി മാർച്ച് രണ്ടിനേ അദ്ദേഹം മടങ്ങിയെത്തൂ.
സെനറ്റിന്റെയും സിൻഡിക്കേറ്റിന്റെയും കാലാവധി കഴിയുന്നതിനാൽ സർവകലാശാലാ നിയമപ്രകാരം ഗവർണർ താത്കാലിക സമിതി രൂപവത്കരിക്കണമെന്നാവശ്യപ്പെട്ട് സെനറ്റ് അംഗം ഡോ. ഷിബി എം. തോമസ് നൽകിയ ഹർജി ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കാനിരിക്കുകയാണ്.