നിരോധനം പ്രായോഗികമല്ല; 'ദ് കേരള സ്റ്റോറി' ബഹിഷ്കരിക്കാന്‍ ആഹ്വാനം ചെയ്യുമെന്ന് സർക്കാർ
വിവാദ സിനിമയായ 'ദ് കേരള സ്റ്റോറി'യുടെ പ്രദര്‍ശനം നിരോധിക്കുന്നത് പ്രായോഗികമല്ലെന്നു സംസ്ഥാന സര്‍ക്കാര്‍. ചിത്രം ബഹിഷ്കരിക്കുക എന്ന പ്രചാരണവുമായി മുന്നോട്ടുപോകാനാണ് തീരുമാനം. സിനിമയുടെ സംസ്ഥാനത്തെ പ്രദര്‍ശനം നിരോധിക്കുന്നതിനെക്കുറിച്ച് നിയമോപദേശം തേടാനായിരുന്നു സാംസ്കാരിക വകുപ്പിന്റെ ആലോചന. എന്നാല്‍ നിരോധനം പ്രായോഗികമാകില്ലെന്ന നിലപാടിലാണ് സര്‍ക്കാര്‍. തല്‍ക്കാലം നിയമോപദേശവും തേടേണ്ടതില്ല.
രണ്ടു കാരണങ്ങളാണ് ഇതിനു പിന്നിൽ. ഒന്ന്, സിനിമയ്‌ക്കെതിരായ ഹര്‍ജി സുപ്രീം കോടതി സ്വീകരിച്ചില്ല. രണ്ട്, സെന്‍സര്‍ബോര്‍ഡ് അനുമതി നല്‍കിയ സിനിമ നിരോധിക്കാനാകുമോ എന്ന സംശയം. അതിനാല്‍ സിനിമ ബഹിഷ്കരിക്കുകയെന്ന ഇടതുനേതാക്കളുടെ നിലപാടിനൊപ്പം മുന്നോട്ടുപോകാനാണ് തീരുമാനം. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിയും ഇതേ അഭിപ്രായക്കാരനാണ്.
കക്കുകളി എന്ന നാടകം നിരോധിക്കണമെന്ന് കെസിബിസിയും യുഡിഎഫും ആവശ്യപ്പെട്ടിരുന്നു. ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പേരിൽ മതവികാരങ്ങള്‍ ഹനിക്കുന്ന കലാസൃഷ്ടികള്‍ അനുവദിക്കാനാകില്ലെന്ന നിലപാടില്‍ തന്നെയാണ് സാംസ്കാരിക മന്ത്രി സജി ചെറിയാനും. വിദഗ്ദ്ധ സമിതി പരിശോധിച്ചശേഷം തുടര്‍നടപടി സ്വീകരിക്കാമെന്നാണ് മന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. ഈ സമിതി ഉടന്‍ രൂപീകരിക്കും.