വിസിമാരില്ലാതെ സർവകലാശാലകൾ; സർക്കാറും ഗവർണറും തമ്മിൽ പോര് തുടരുന്നു
കേരള സർവകലാശാലയിൽ സ്ഥിരം വിസി ഇല്ലാതായിട്ട് ഒരു വർഷം പിന്നിട്ടു. സർക്കാറും ഗവർണറും തമ്മിലെ തർക്കം തുടരുന്നതിനാൽ കേരള അടക്കം 7 സർവകലാശാലകളിൽ വിസിമാരില്ലാത്ത സാഹചര്യമാണ്. അതേസമയം, ഗവർണറുടെ ഒപ്പ് കാത്ത് ബില്ലുകൾ കെട്ടിക്കിടക്കുകയാണ്. സർവകലാശാല ഭേദഗതി ബില്ലിലും ചാൻസിലർ ബില്ലിലും ഗവർണർ ഒപ്പിട്ടിട്ടില്ല. വിട്ടുവീഴ്ചയില്ലാതെ സർക്കാരും ഗവർണറും തർക്കം തുടരുമ്പോൾ സർവ്വകലാശാലകളിലെ വിസിമാരുടെ നിയമനം അവതാളത്തിലാവുകയാണ്.ഡോ.മോഹൻ കുന്നുമ്മൽ ആരോഗ്യ സർവ്വകലാശാലയിലും കേരളയിലും മാറി മാറി വിസിയായി തുടരുകയാണ്.
സ്ഥിരം വിസിക്കായുള്ള കേരള സർവകലാശാലയുടെ കാത്തിരിപ്പ് ഒരു വർഷം പിന്നിട്ടു. ഗവർണ്ണർ-സർക്കാർ തർക്കത്തിന്റെ പ്രധാനകേന്ദ്രം കൂടിയായിരുന്നു കേരള സർവകലാശാല. വിസി മഹാദേവൻ പിള്ളയുടെ കാലാവധി തീരാനിരിക്കെ ഗവർണ്ണർ പുതിയ വിസി നിയമനത്തിനായി സെർച്ച് കമ്മിറ്റി ഉണ്ടാക്കി. ഗവർണ്ണറുടേയും യുജിസിയുടേയും പ്രതിനിധിയെ വെച്ചു. പക്ഷെ സർവ്വകലാശാല പ്രതിനിധിയെ നൽകിയില്ല. ഇതിനിടെ സർക്കാർ 3 അംഗ സർച്ച് കമ്മിറ്റിയുടെ എണ്ണം അഞ്ചാക്കി സർവ്വകലാശാലാ നിയമഭേഗദതി ബിൽ കൊണ്ടുവന്നു.
നിയമസഭ പാസ്സാക്കിയ ബില്ലിൽ ഇതുവരെ ഗവർണ്ണർ ഒപ്പിട്ടിട്ടില്ല. ഇതോടെ ഇൻചാർജ്ജ് ഭരണത്തിലായി കേരള സർവകലാശാല. കേരളയിൽ മാത്രമല്ല, എംജി, കുസാറ്റ്, മലയാളം, ഫിഷറീസ്, അഗ്രികൾച്ചർ. കെടിയു എന്നിവിടങ്ങളിലുമില്ല സ്ഥിരം വിസിമാർ. എല്ലായിടത്തും ചുമതലക്കാർ മാത്രമാണ് നിലവിലുള്ളത്. സെർച്ച് കമ്മിറ്റിയെ മാറ്റാനുള്ള ബിൽ മാത്രമല്ല ചാൻസ്ലർ സ്ഥാനത്ത് നിന്നും ഗവർണ്ണറെ മാറ്റാനുള്ള ബില്ലും നിയമസഭ പാസ്സാക്കി രാജ്ഭവനിൽ കെട്ടിക്കിടക്കുന്നുണ്ട്. സർക്കാറും ഗവർണ്ണറും ഒരിഞ്ചും വിട്ടുവീഴ്ചയില്ലാതെ ഉടക്കിൽ തുടരുമ്പോഴാണ് സർവ്വകലാശാലകളിൽ വിസിയില്ലാത്ത സ്ഥിതി. ബില്ലുകളിൽ ഒപ്പിടാത്ത ഗവർണ്ണർക്കെതിരെ സുപ്രീം കോടതിയിൽ പോകാൻ സർക്കാർ തീരുമാനിച്ചെങ്കിലും അക്കാര്യത്തിലും സർക്കാരിൽ നിന്ന് തീരുമാനമായില്ല.