കൊല്ലം ഓയൂരിൽ നിന്ന് കാണാതായ കുട്ടിയെ കണ്ടെത്തിയതിൽ സന്തോഷം; മാധ്യമങ്ങളെ അഭിനന്ദിച്ച് ഷെയിൻ നിഗം
കൊല്ലം ഓയൂരിൽ നിന്നും കാണാതായ ആറ് വയസുകാരിയെ കണ്ടെത്താൻ സഹായിച്ച മാധ്യമപ്രവർത്തകരെ അഭിനന്ദിച്ച് നടൻ ഷെയ്ൻ നിഗം. ഇന്നലെ മുതൽ മാധ്യമങ്ങൾ കേട്ടു വന്ന സകല കുത്തുവാക്കുകളും ഭേദിച്ച് അവർ നടത്തിയ പ്രചാരണം കുട്ടിയെ കണ്ടെത്താനും തിരിച്ചറിയാനും സഹായിച്ചു എന്നതിൽ തർക്കമില്ലെന്ന് ഷെയ്ൻ നിഗം ഫേസ്ബുക്കിൽ കുറിച്ചു. ഷെയ്‌നിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം.
'കേരളം ഉറ്റുനോക്കിയ ആ സന്തോഷ വാർത്ത വന്നിരിക്കുന്നു അബിഗെലിനെ കൊല്ലം ആശ്രാമം മൈതാനത്ത് വെച്ച് തിരികെ കിട്ടി. രണ്ടു കാര്യങ്ങളാണ് ഇക്കാര്യത്തിൽ പറയാനുള്ളത്.
1. കുട്ടിയെ തിരിച്ചറിയാൻ മാധ്യമ പ്രവർത്തകരുടെ പങ്കാണ് പ്രധാനം. ഇന്നലെ മുതൽ മാധ്യമങ്ങൾ കേട്ടു വന്ന സകല കുത്തുവാക്കുകളും ഭേദിച്ച് അവർ നടത്തിയ പ്രചാരണം കുട്ടിയെ കണ്ടെത്താനും തിരിച്ചറിയാനും സഹായിച്ചു എന്നതിൽ തർക്കമില്ല.
2. കൊല്ലം ആശ്രാമം പോലെ ഉള്ള ഒരു പ്രധാന ഭാഗത്ത് പട്ടാപകൽ ഇത്രയും പോലീസ് പരിശോധനകൾ ഭേദിച്ച് ഈ കുഞ്ഞുമായി വാഹനത്തിൽ അവർ എത്തിയത് ആശങ്ക ഉളവാക്കുന്നു.
സന്തോഷ വാർത്തയോടൊപ്പം ഇതിന്റെ പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്താൻ പോലീസിന് സാധിക്കട്ടെ'
ഷെയ്ൻ ഫേസ്ബുക്കിൽ കുറിച്ചു. ഇന്ന് ഉച്ചക്ക് 1.30 ഓടെയാണ് കുട്ടിയെ കണ്ടെത്തിയത്. ഓയൂരിൽ ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ച നിലയിലായിരുന്നു കുട്ടിയെ നാട്ടുകാർ കണ്ടെത്തിയത്. തുടർന്ന് പൊലീസിനെ വിവരം അറിയിക്കുകയും കുട്ടിയെ പൊലീസ് സ്റ്റേഷനിലെത്തിക്കുകയും ചെയ്യുകയായിരുന്നു. കുട്ടിയെ കണ്ടെത്താൻ കഴിഞ്ഞെങ്കിലും പ്രതികൾക്കായി പൊലീസ് തെരച്ചിൽ ഊർജിതമാക്കിയിരിക്കുകയാണ്.പൊലീസ് തെരച്ചിൽ ഊർജിതമാക്കുന്നതിനിടെയാണ് പെൺകുട്ടിയെ കൊല്ലം നഗര പരിധിയിൽ നിന്ന് തന്നെയാണ് കണ്ടെത്തിയത്.