Begin typing your search...

നൂറിന്റെ നിറവിൽ മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദൻ

നൂറിന്റെ നിറവിൽ മുൻ മുഖ്യമന്ത്രി  വിഎസ് അച്യുതാനന്ദൻ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

നൂറാം പിറന്നാള്‍ നിറവിൽ മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ. വിഎസിന്റെ ജീവിത ചരിത്രമെന്നാല്‍ കേരളത്തിന്‍റെ സാമൂഹ്യ രാഷ്ട്രീയ ചരിത്രം കൂടിയാണ്.

സിപിഐ കേന്ദ്ര കമ്മിറ്റിയില്‍ നിന്ന് ഇറങ്ങിപ്പോയി സിപിഎം രൂപീകരിച്ച 32 പേരില്‍ ജീവിച്ചിരിക്കുന്ന ഏക നേതാവാണ് വിഎസ്. മകൻ വിഎ അരുണ്‍കുമാറിന്റെ തിരുവനന്തപുരം ബാര്‍ട്ടണ്‍ ഹില്ലിലെ വീട്ടിലാണ് നിലവില്‍ വിഎസ്. ആരോഗ്യപരമായ ബുദ്ധിമുട്ടുകളുണ്ടെങ്കിലും ടിവി കണ്ടും പത്രം വായിച്ചും സമകാലിക സംഭവങ്ങളെല്ലാം വിഎസ് അറിയുന്നുണ്ടെന്ന് മകൻ അരുണ്‍കുമാര്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

നേരിയ പക്ഷാഘാതത്തെ തുടര്‍ന്നാണ് വിഎസ് പൊതു വേദിയില്‍ നിന്ന് അകന്നത്. അനാരോഗ്യത്തെ തുടര്‍ന്ന് വിശ്രമത്തിലായെങ്കിലും വിദഗ്ധ ഡോക്ടര്‍മാരുടെ പരിചരണത്തില്‍ ആരോഗ്യകാര്യങ്ങളില്‍ ഇപ്പോഴും അതീവ ശ്രദ്ധ വിഎസ് പുലര്‍ത്തുന്നുണ്ട്.

ആലപ്പുഴ വെന്തലത്തറ വീട്ടിലെ ശങ്കരന് 1923 ഒക്ടോബര്‍ 20 നാണ് വിഎസ് പിറന്നത്. നാലാം വയസില്‍ അമ്മ മരിച്ചു. 11 വയസായപ്പോള്‍ അഛനും. അനാഥത്വവും ദാരിദ്യവും വലച്ചെങ്കിലും പഠിക്കണമെന്ന മോഹം ഉപേക്ഷിച്ചില്ല. ജാതി വ്യവസ്ഥ കത്തിക്കാളി നിന്ന നാട്ടില്‍ സവര്‍ണ കുട്ടികള്‍ ചോവച്ചെറുക്കനെന്ന് വിളിച്ച്‌ ആക്ഷേപിച്ചപ്പോള്‍ ബല്‍റ്റൂരിയടിച്ചോടിച്ചു. അന്നേ വിഎസ് അച്യുതാനന്ദൻ വ്യവസ്ഥിതിയോട് കലഹം പ്രഖ്യാപിച്ചു. ഒരു നേരത്തെ ആഹാരത്തിന് പോലും വകയില്ലാതായതോടെ ഏഴാം ക്ലാസില്‍ പഠിപ്പവസാനിപ്പിച്ചു.

ചേട്ടന്‍റെ തയ്യല്‍ക്കടയിലെ ചെറിയ ജോലി കൊണ്ട് വീട്ടിലെ വിശപ്പടക്കാന്‍ കഴിയാതായി. പതിനഞ്ചാം വയസില്‍ ആസ്പിന്‍വാള്‍ കമ്ബനിയില്‍ ജോലിക്ക് കയറി. നടുവൊടിക്കുന്ന ജോലി, കുറഞ്ഞ കൂലി, മോശമായ തൊഴില്‍ സാഹചര്യങ്ങള്‍ അവിടെയും അവന്‍ കലഹിച്ചു. മറ്റെന്തും സഹിക്കാം കൂലി കൂട്ടി ചോദിക്കാന്‍ അവന്‍ തൊഴിലാളികളോട് നിരന്തരം ആവശ്യപ്പെട്ടു കൊണ്ടിരുന്നു. ഒരു വര്‍ഷത്തിനിടെ ആ പതിനാറുകാരന്‍ തൊഴിലാളികളുടെ കണ്ണിലുണ്ണിയും മുതലാളിമാരുടെ കണ്ണിലെ കരടുമായി. പതിനേഴാം വയസില്‍ പാര്‍ട്ടി അംഗത്വം കിട്ടി. 1943ലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സമ്മേളനത്തില്‍ ആ ചെറുപ്പക്കാരന്‍ പ്രതിനിധിയായി. അച്ചുതാനന്ദനെന്ന യുവനേതാവ് അവിടെ ഉദിച്ചുയരുകയായിരുന്നു.

ദുരിത ജീവിതം മാത്രമറിയാവുന്ന തൊഴിലാളികള്‍ക്ക് നിശ്ചയ ദാര്‍ഢ്യത്തിന്‍റെ കരുത്തും പ്രതീക്ഷയുമായി അയാള്‍ വളര്‍ന്നു. അയാളുടെ സംഘം പിന്നീട് കുട്ടനാട്ടിലെ കര്‍ഷക തൊഴിലാളികള്‍ക്കിടയിലേക്കിറങ്ങി. പതിറ്റാണ്ടുകളായി ജന്മിമാര്‍ക്ക് മുന്നില്‍ ഓച്ഛാനിച്ച്‌ നിന്നിരുന്ന തൊഴിലാളികള്‍ കൂലി കൂട്ടിത്തരണം എന്നാവശ്യപ്പെട്ട് സമരം തുടങ്ങി. ഇന്‍ക്വിലാബിന്‍റെ ഇടിമുഴക്കം കുട്ടനാടിന്‍റെ വയലേലകളില്‍ കൊടുങ്കാറ്റായി. അച്ചുതാനന്ദനെന്ന കമ്മ്യൂണിസ്റ്റ് തെമ്മാടിയെ വെട്ടിനുറുക്കി കൊല്ലാന്‍ ജന്മിമാര്‍ ഉത്തരവിട്ടു. കൊടിയ മര്‍ദ്ദനങ്ങള്‍, ചെറുത്ത് നില്‍പുകള്‍ പ്രതിഷേധങ്ങള്‍ പിന്നെ ഐതിഹാസികമായ പുന്നപ്ര വയലാര്‍ സമരം. ഒളിവ് ജീവിതം, അറസ്റ്റ്, ദീവസങ്ങള്‍ നീണ്ട പോലീസ് മര്‍ദ്ദനം.

മരിച്ചെന്ന് കരുതി കാട്ടിലേക്ക് വലിച്ചെറിഞ്ഞിടത്ത് നിന്ന് അയാല്‍ തിരിച്ച്‌ വന്നു. 1957ല്‍ ആദ്യ സര്‍ക്കാര്‍ വന്നതോടെ അച്ചുതാനന്ദന്‍ സംസ്ഥാന നേതൃനിരയിലെ പ്രമുഖനായി. 1964ലെ പാര്‍ട്ടി പിളര്‍പ്പ്, നയവ്യതിയാനങ്ങള്‍ക്കെതിരെയുള്ള പോരാട്ടം ,വെട്ടിപ്പിടിക്കലുകള്‍, വെട്ടിനിരത്തലുകള്‍ കടുത്ത വിഭാഗീയ പോരാട്ടങ്ങള്‍ മാരാരിക്കുളം തോല്‍വി അങ്ങനെയങ്ങനെ കേരള രാഷ്ട്രീയം ആ മനുഷ്യന്‍ തനിക്കൊപ്പമാക്കി.

വിഎസ് എന്ന രണ്ടക്ഷരം ലക്ഷോപലക്ഷങ്ങള്‍ക്ക് പ്രതീക്ഷയുടെ വെള്ളിവെളിച്ചമായി. ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്‍റെ കാരണവരായി. സീറ്റ് നിഷേധിച്ചവരോടും, പരിഹസിച്ചവരോടും ഒറ്റപ്പെടുത്തിയവരോടുമൊക്കെ അദ്ദേഹം വെടിയുണ്ടയുടെയും തൂക്കുമരത്തിന്‍റെയും വാരിക്കുന്തത്തിന്‍റെയും രക്തമിറ്റുന്ന കഥകള്‍ പറഞ്ഞു. ചെഞ്ചോര നിറമുള്ള ആ വിപ്ലവ ജീവിതത്തിന് നൂറ് തികയുമ്ബോള്‍ പതിനായിരങ്ങള്‍ ഇന്നും അദ്ദേഹത്തെ നെഞ്ചോട് ചേർത്ത് പിടിക്കുകയാണ്.



WEB DESK
Next Story
Share it