സുഗന്ധഗിരി മരംമുറി: 'തെറ്റ് പറ്റിയാൽ തിരുത്തുന്നതല്ലേ നല്ലത്?': വനംമന്ത്രി എ.കെ ശശീന്ദ്രൻ
സുഗന്ധഗിരി മരം മുറി കേസിലെ സസ്പെൻഷൻ പിൻവലിച്ച നടപടിയെ ന്യായീകരിച്ച് വനംമന്ത്രി എകെ ശശീന്ദ്രൻ. ഡിഎഫ്‌ഒയോട് വിശദീകരണം ചോദിക്കാതെയാണ് നടപടി എടുത്തത്.
അതിനാലാണ് സസ്പെൻഷൻ പിൻവലിച്ചതെന്ന് വനംമന്ത്രി പറഞ്ഞു. സസ്പെൻഷൻ വിഷയത്തില്‍ ഡിഎഫ്‌ഒക്ക് കോടതിയെ സമീപിക്കാം. അപ്പോള്‍ സർക്കാരിന്റെ നടപടി കോടതി അസാധുവാക്കും. തെറ്റ് പറ്റിയാല്‍ അത് നമ്മള്‍ തന്നെ തിരുത്തുന്നതല്ലേ നല്ലതെന്നും വനംമന്ത്രി ചോദിച്ചു.
അതേസമയം സുഗന്ധഗിരി മരംമുറിയിൽ സൗത്ത് വയനാട് ഡിഎഫ്ഒയ്ക്കെതിരെ സ്വീകരിച്ച നടപടി സംശയ നിഴലിൽ. ഡിഎഫ്ഒ എ. സജ്നക്ക് നൽകിയ വിശദീകരണം തേടിയുള്ള കത്ത് മണിക്കൂറുകൾക്കം റദ്ദാക്കി സസ്പെൻഡ് ചെയ്തതിലാണ് അടിമുടി ദുരൂഹത. ചട്ടങ്ങൾ പാലിക്കാതെയുള്ള സസ്പെൻഷന് പിന്നിൽ ബാഹ്യ ഇടപെടലുണ്ടെന്നാണ് വനംവകുപ്പിനുള്ളിലെ വിമർശനം. ബുധനാഴ്ച പുലർച്ചെ 12.19നാണ് സൌത്ത് വയനാട് ഡിഎഫ്ഒ എ. സജ്നയോട് സുഗന്ധഗിരി മരംമുറിയിൽ വിശദീകരണം തേടിയുള്ള കത്ത് തയ്യാറാക്കിയത്.
വനംവിജിലൻസ് അന്വേഷണത്തിലെ കണ്ടെത്തലുകൾ അടിസ്ഥാമാക്കിയായിരുന്നു നടപടി. 15 ദിവസത്തിനകം വിശദീകരണം നൽകാനാണ് നോട്ടീസ് നൽകിയത്. മരംമുറിക്കേസിന്‍റെ മേൽനോട്ടത്തിൽ വീഴ്ചയും ജാഗ്രതക്കുറവുമുണ്ടായി എന്നായിരുന്നു കോട്ടയം ഐ ആന്‍റ് ഇ സിഎഫിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണത്തിലെ കണ്ടെത്തലുകൾ. എന്നാൽ വിശദീകരണം നൽകും മുമ്പ്, വൈകീട്ട് 3:54ന് നോട്ടീസ് റദ്ദാക്കി.
അർധരാത്രിയോടെ വനംവകുപ്പ് ഡിഎഫ്ഒ ഉൾപ്പെടെ മൂന്നുപേരെ സസ്പെൻഡ് ചെയ്ത് ഉത്തരവിറക്കി. വിശദീകരണം നൽകാനുള്ള സാവകാശം പോലും നൽകാത്തതിന് പിന്നിൽ ദൂരൂഹത ഉണ്ടെന്നാണ് വിമർശനം. ഡിഎഫ്ഒയെ സസ്പെൻഡ് ചെയ്യാൻ ചിലർ ഗൂഢാലോചന നടത്തിയെന്ന വിമർശനം വനംവകുപ്പിനകത്തും ഉയരുന്നുണ്ട്. ട്രിബ്യൂണലിനെയോ കോടതിയെയോ സമീപിച്ചാൽ തിരിച്ചെടിയുണ്ടാകുമെന്ന് സിപിഎം നേതൃത്വം മുഖ്യമന്ത്രിയുടെ ഓഫീസിലും അറിയിച്ചു. വ്യാഴാഴ്ച വൈകീട്ടോടെ സസ്പെൻഷൻ സർക്കാർ മരവിപ്പിച്ചു.