വനം വകുപ്പിലെ സ്ഥലംമാറ്റ പട്ടിക ചോർന്നു; പിന്നിൽ ഗൂഢാലോചന
വനം വകുപ്പ് ഉന്നത ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റ പട്ടിക, സർക്കാർ തീരുമാനമാകും മുൻപേ ചോർന്നു. 17 അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്റർമാരുടെ സ്ഥലം മാറ്റ പട്ടിക അഡിഷനൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ തയാറാക്കി, വനം വകുപ്പ് അഡിഷനൽ ചീഫ് സെക്രട്ടറിക്ക് അയച്ചതാണ് ചോർന്നത്. സംഭവത്തിനു പിന്നിൽ ഗൂഢാലോചന സംശയം ഉയർന്നതിനെ തുടർന്ന് ഉന്നതല അന്വേഷണത്തിന് വനം മന്ത്രിയുടെ ഓഫിസ് തയാറെടുക്കുകയാണ്. തലസ്ഥാനത്ത് തിരിച്ചെത്തിയ ശേഷം തീരുമാനം എടുക്കുമെന്ന് മന്ത്രി എ.കെ.ശശീന്ദ്രൻ പറഞ്ഞു.
നടപടിക്രമങ്ങളുടെ ഗുരുതരമായ ലംഘനം നടന്നതായാണ് വിലയിരുത്തൽ. മൂന്നു ദിവസം മുൻപ് സ്ഥലം മാറ്റം സംബന്ധിച്ച് മന്ത്രിയുടെ ഓഫിസിൽ പ്രാഥമിക ചർച്ചകൾ നടന്നിരുന്നു. അഡിഷനൽ ചീഫ് സെക്രട്ടറിയോടു കൂടി അഭിപ്രായം ആരാഞ്ഞ ശേഷം അന്തിമ ഉത്തരവ് ഇറക്കാൻ നിർദേശിച്ചു. ഇതിനായി തയാറാക്കിയ പട്ടികയുടെ രണ്ടു പേജാണ് ചോർന്ന് ഡിഎഫ്ഒമാരുടെ വാട്സാപ്പിൽ ലഭിച്ചത്.
സ്ഥലം മാറ്റ പട്ടിക പാടേ അട്ടിമറിക്കാൻ ഉദ്ദേശിച്ചു കൊണ്ടാണ് ഈ ചോർത്തൽ എന്നാണ് വിലയിരുത്തൽ. ദിവസങ്ങളായി തലസ്ഥാനത്തു തങ്ങി, സ്ഥലം മാറ്റം നേടിയെടുക്കാൻ ചില ഡിഎഫ്ഒമാർ ശ്രമിച്ചിരുന്നു. ഭരിക്കുന്ന പാർട്ടിയുടെ നേതൃത്വത്തിന്റെ അറിവോടെയാണ് കൂട്ടത്തിൽ ചിലർ പട്ടികയിൽ ഇടം പിടിച്ചത്. ഇങ്ങനെ ഇടം കിട്ടിയവർക്ക് 'പണി' കൊടുക്കാൻ കരുതിക്കൂട്ടി പട്ടിക ചോർത്തിയാതാവാം എന്ന നിഗമനത്തിലാണ് ഉന്നതർ.
പട്ടികയുടെ രണ്ട് പേജ് മേശപ്പുറത്ത് വച്ച് ഫോട്ടോ എടുത്തതാണ് പുറത്തുവന്നിരിക്കുന്നത്. അവ്യക്തമാണെങ്കിലും പേരുകൾ വായിച്ചെടുക്കാം. മൂന്നാം പേജിൽ എപിസിസിഎഫിന്റെ ഒപ്പും ഉണ്ട്. 'മേൽപറഞ്ഞ പട്ടിക അതേപടി അംഗീകരിച്ച് ഉത്തരവാകണം' എന്ന ശുപാർശയും എഴുതിയിരിക്കുന്നു. എപിസിസിഎഫിന്റെ ഓഫിസിൽ നിന്നു തന്നെയാകാം പട്ടിക ചോർന്നത് എന്ന നിഗമനത്തിലാണ് ഉദ്യോഗസ്ഥർ. വകുപ്പിന്റെ ചരിത്രത്തിൽ ആദ്യമായിട്ടാണ്, സർക്കാർ തീരുമാനം ആകും മുൻപേ പട്ടിക പുറത്തു വരുന്നത്. തലസ്ഥാനത്ത് ഇല്ലാതിരുന്നതിനാൽ അന്തിമ പട്ടിക താൻ കണ്ടിട്ടില്ലെന്നും ചോർന്ന വിവരം അറിഞ്ഞിട്ടുണ്ടെന്നും മന്ത്രി 'മനോരമ'യോടു പറഞ്ഞു. ഈ പട്ടിക അതേപടി അംഗീകരിക്കാൻ ഇനി സർക്കാരിന് സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.