പെരിയാറിൽ മത്സ്യങ്ങൾ ചത്തുപൊങ്ങിയ സംഭവം ; ഇടപെട്ട് ഹൈക്കോടതി
പെരിയാറിലെ മത്സ്യക്കുരുതിയില്‍ കേരള ഹൈക്കോടതിയുടെ ഇടപെടൽ. പരിശോധനയ്ക്കായി ഹൈക്കോടതി കമ്മിറ്റിയെ നിയോഗിച്ചു. സംസ്ഥാന പരിസ്ഥിതി വകുപ്പ് സെക്രട്ടറി, കേരള മലിനീകരണ നിയന്ത്രണ ബോർഡ്, ഹൈക്കോടതിയെ സഹായിക്കുന്ന അമിക്കസ് ക്യൂരി, ഹർജിക്കാർ എന്നിവരെ ഉൾപ്പെടുത്തിയാണ് കമ്മിറ്റി. ഇവർ സംഭവം ഉണ്ടായ സ്ഥലങ്ങൾ സന്ദർശിച്ച് പരിശോധിച്ച ശേഷം ഹൈക്കോടതിക്ക് റിപ്പോർട് നൽകണമെന്നാണ് ഉത്തരവ്.
പെരിയാറിൽ രാസമാലിന്യം ഒഴുക്കിയതിനെ തുടർന്ന് മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊങ്ങിയ സംഭവത്തിൽ കോടികളുടെ നഷ്ടമാണ് മത്സ്യക്കർഷകർക്കുണ്ടായത്. വരാപ്പുഴ, ചേരാനെല്ലൂർ, കടമക്കുടി എന്നീ പഞ്ചായത്തുകളിലാണ് ഏറ്റവും കൂടുതൽ നഷ്ടമുണ്ടായിരിക്കുന്നത്. വരാപ്പുഴയിലാണ് ഏറ്റവും കൂടുതൽ മത്സ്യങ്ങൾ ചത്തത്. കൊച്ചി കോർപ്പറേഷൻ മേഖലയിലേക്കും വിഷപ്പുഴ ഒഴുകിയെന്നാണ് ഫിഷറീസ് വകുപ്പ് റിപ്പോർട്ടിൽ പറയുന്നത്. പെരിയാറിലെ മത്സ്യക്കുരുതിയില്‍ ജലസേചന വകുപ്പിനെതിരെ ഹൈക്കോടതിയിൽ മലിനീകരണ നിയന്ത്രണ ബോർഡ് സത്യവാങ്മൂലം നൽകിയിരുന്നു. പാതാളം ബണ്ട് ദീർഘകാലം അടച്ചിടുന്നത് ജൈവമാലിന്യം അടിഞ്ഞുകൂടുന്നതിന് ഇടയാക്കുന്നുവെന്ന് മലിനീകരണ നിയന്ത്രണ ബോർഡ് കോടതിയെ അറിയിച്ചത്.
പെരിയാറിലെ ഒഴുക്ക് കുറഞ്ഞ നിലക്കെങ്കിലും നിലനിർത്തണമെന്ന് ജലസേചന വകുപ്പിന് നിർദ്ദേശം നൽകിയിരുന്നു. 2017 ലെ ദേശീയ ഹരിത ട്രൈബ്യൂണലിന്‍റെ നിർദ്ദേശപ്രകാരമാണ് ജലസേചന വകുപ്പിന് നിർദ്ദേശം നൽകിയത്. ഈ നിർദ്ദേശം ജലസേചന വകുപ്പ് നടപ്പാക്കിയില്ലെന്നും മലിനീകരണ നിയന്ത്രണ ബോർഡ് സത്യവാങ്മൂലത്തില്‍ പറഞ്ഞു. മത്സ്യക്കുരുതിയുടെ കാരണം വിശദമാക്കുന്ന സത്യവാങ്മൂലത്തിലാണ് ജലസേചന വകുപ്പിനെതിരായ മലിനീകരണ നിയന്ത്രണ ബോർഡിന്‍റെ ആരോപണങ്ങൾ.