ധർമ്മരാജനെ ഓഫീസിൽ വന്ന് കണ്ട പരിചയം മാത്രമേയുളളൂ; ബിജെപി ഓഫീസില്‍ 6.3 കോടി രൂപ വന്ന കാര്യം അറിയില്ല: തിരൂര്‍ സതീഷ്
കൊടകര കുഴല്‍പ്പണ കേസില്‍ വെളിപ്പെടുത്തല്‍ നടത്തിയ ബിജെപി മുന്‍ ഓഫീസ് സെക്രട്ടറി തിരൂര്‍ സതീഷിന്‍റെ ആദ്യമൊഴി പുറത്ത്. വിഷയവുമായി ബന്ധപ്പെട്ട് എല്ലാ നിഷേധിച്ചുകൊണ്ടായിരുന്നു സതീഷ് 2021 ല്‍ ആദ്യം മൊഴി നല്‍കിയത്. കുഴല്‍പ്പണമെത്തിച്ചതിനെ കുറിച്ച് തനിക്കറിയില്ലെന്നായിരുന്നു തിരൂര്‍ സതീഷ് ആദ്യം പറഞ്ഞത്.
ധർമ്മരാജന് മുറിയെടുത്തു നൽകിയത് സുജയ് സേനൻ പറഞ്ഞിട്ടാണ്. ധർമ്മരാജനെ ഓഫീസിൽ വന്ന് കണ്ട പരിചയം മാത്രമേയുളളൂവെന്ന് പറഞ്ഞ സതീഷ് പാഴ്സലിനെക്കുറിച്ച് ഒന്നും അറിയില്ലെന്നും മൊഴി നല്‍കിയിരുന്നു. രണ്ടാം തീയതി ധർമ്മരാജനെ കണ്ടിട്ടില്ല. കൊടകരയില്‍ നഷ്ടപ്പെട്ടത് ബിജെപിയുടെ തെരഞ്ഞെടുപ്പ് ഫണ്ടെന്ന് ആരും പറഞ്ഞില്ല.
ബിജെപി ഓഫീസില്‍ 6.3 കോടി രൂപ വന്ന കാര്യം അറിയില്ല. ധർമ്മരാജന്റെ പിക്കപ്പ് വാനിൽ വന്ന ചാക്ക് ഇറക്കുന്നത് കണ്ടിട്ടില്ല എന്നിങ്ങനെയായിരുന്നു സതീഷിന്‍റെ ആദ്യ മൊഴി. നേതൃത്വം നിര്‍ദ്ദേശിച്ചതിനാലാണ് അന്നങ്ങനെ മൊഴി നല്‍കിയതെന്ന് സതീഷ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.