ബ്രഹ്‌മപുരം തീപിടിത്തം: കൊച്ചി നഗരം പുകയിൽ മൂടി, തീയണയ്ക്കാൻ ശ്രമം
തീപിടിച്ച ബ്രഹ്‌മപുരം മാലിന്യ പ്ലാന്റിൽ പ്ലാസ്റ്റിക് മല കത്തുന്നത് തുടരുന്നു. ഇത് കൊച്ചി നഗരത്തിന്റെ വിവിധ ഭാഗങ്ങളെ പുകയിൽ മുക്കി. ബ്രഹ്‌മപുരത്തിന്റെ പത്ത് കിലോമീറ്റർ ചുറ്റളവിൽ പൂർണ്ണമായും പുക പടർന്നിരിക്കുകയാണ്. പത്തിലധികം ഫയർഫോഴ്സ് യൂണിറ്റുകളാണ് തീയണയ്ക്കൽ ശ്രമം നടത്തുന്നത്. ആവശ്യമെങ്കിൽ ഫയർഫോഴ്സിനെ സഹായിക്കാൻ നാവികസേന സന്നദ്ധത അറിയിച്ചിട്ടുണ്ട്.
വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 3.45-ഓടെയാണ് തീ അനിയന്ത്രിതമായത്. പ്ലാസ്റ്റിക് മാലിന്യം കുന്നുകൂടിക്കിടക്കുന്ന ഏക്കറുകണക്കിന് ഭാഗത്തേക്ക് തീ പടർന്നു. 50 അടിയോളം ഉയരത്തിൽ മല പോലെ കിടക്കുന്ന മാലിന്യത്തിലേക്ക് തീ പടരുകയായിരുന്നു. തീയും പുകയും ഉയർന്നതോടെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്ന് അഗ്നിരക്ഷാ സേനയുടെ ഇരുപതോളം യൂണിറ്റുകളെത്തി. ഇവരുടെ ശ്രമത്തിനിടയിലും തീ കൂടുതൽ ഭാഗത്തേക്ക് പടർന്നു.
കാറ്റിന്റെ ദിശ അനുസരിച്ച് തീ കൂടുതൽ പടർന്നു. ബ്രഹ്‌മപുരം, കരിമുകൾ, പിണർമുണ്ട, അമ്പലമുകൾ, പെരിങ്ങാല, ഇരുമ്പനം, കാക്കനാട് പ്രദേശങ്ങളിൽ പുകശല്യം രൂക്ഷമായിട്ടുണ്ട്. പ്ലാസ്റ്റിക് കത്തുന്ന ദുർഗന്ധവും രൂക്ഷമാണ്. തീപ്പിടിത്തത്തിൽ പ്ലാന്റിനുള്ളിലെ ബയോ മൈനിങ് നടക്കുന്ന പ്രദേശമുൾപ്പെടെ കത്തിച്ചാമ്പലായി. കോർപ്പറേഷന്റെ സെപ്റ്റേജ് ട്രീറ്റ്മെന്റ് പ്ലാന്റിലേക്കും തീ പടർന്നു. മാലിന്യ സംസ്‌കരണത്തിനായി പ്ലാന്റിലുണ്ടായിരുന്ന നൂറോളം തൊഴിലാളികളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.