പത്തനംതിട്ട നഗരമധ്യത്തിൽ തീപിടിത്തം; കടകൾ കത്തി, 6 പേർക്ക് പൊള്ളലേറ്റു
സെൻട്രൽ ജംക്‌ഷനിൽ മിനി സിവിൽ സ്റ്റേഷനു സമീപം ചിപ്സ് കടയിലെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വൻ തീപിടിത്തം. നാലു കടകൾക്കു തീപിടിച്ചു. രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു. ആറുപേർക്ക് പൊള്ളലേറ്റു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. തീയണയ്ക്കാനുള്ള ശ്രമത്തിനിടയിലും പൊട്ടിത്തെറിയുണ്ടായി. ഉച്ചയ്ക്ക് 1.50ന് നഗര മധ്യത്തിലെ നമ്പർ വൺ ചിപ്സ് കട എന്ന കടയിൽ നിന്നാണ് ആദ്യം തീ പടർന്ന് പിടിച്ചത്.
പിന്നീട് സമീപത്തെ എ വൺ ബേക്കറി, ചെരുപ്പ് കട, മൊബൈൽ ഷോപ്പ് എന്നിവയിലേക്കും തീ പടർന്നു. അഗ്നിശമനസേനയുടെ നേതൃത്വത്തിൽ തീ അണക്കാനുള്ള ശ്രമം നടത്തുന്നതിനിടെ ചിപ്സ് കടകളിൽ സൂക്ഷിച്ചിരുന്ന ഗ്യാസ് സിലിണ്ടറുകൾ പൊട്ടിത്തെറിച്ചതോടെ തീ കൂടുതൽ പടർന്നു. ഫയർഫോഴ്സ് ഉദ്യോഗസ്ഥരടക്കം സ്ഫോടനത്തിൽ നിന്നും തലനാരിഴക്കാണ് രക്ഷപ്പെട്ടത്. തുടർന്ന് കൂടുതൽ ഫയർഫോഴ്സ് യൂണിറ്റുകളെ സ്ഥലത്തേക്ക് എത്തിച്ച് തീ അണച്ചു.