Begin typing your search...

മലയാള സിനിമകൾ റിലീസ് ചെയ്യില്ലെന്ന നിലപാട് മാറ്റി ഫിയോക് ; പ്രശ്നങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കുമെന്ന് ചെയർമാൻ ദിലീപ്

മലയാള സിനിമകൾ റിലീസ് ചെയ്യില്ലെന്ന നിലപാട് മാറ്റി ഫിയോക് ; പ്രശ്നങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കുമെന്ന് ചെയർമാൻ ദിലീപ്
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

തീയറ്ററുകളിൽ മലയാള സിനിമകൾ റിലീസ് ചെയ്യില്ലെന്ന നിലപാട് മാറ്റി തീയറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്. മലയാള സിനിമകളുടെ റിലീസ് തുടരുമെന്ന് സംഘടന അറിയിച്ചു. സിനിമാ മേഖലയിലെ പ്രശ്നങ്ങൾ ചർച്ചചെയ്ത് പരിഹരിക്കുമെന്ന് ഫിയോക്ക് ചെയർമാൻ ദിലീപ് പറഞ്ഞു. കാര്യങ്ങൾ മുമ്പത്തെ പോലെ മുന്നോട്ടുപോകുമെന്നും ദിലീപ് അറിയിച്ചു.

ഫിയോക്കിന്റെ സമരപ്രഖ്യാപനം അങ്ങേയറ്റം അപലപനീയവും പ്രതിഷേധാർഹവുമാണ് എന്ന് ഫെഫ്ക ആരോപിച്ചിരുന്നു. മലയാള സിനിമയെ നെഞ്ചേറ്റുന്ന കോടിക്കണക്കിന് ആസ്വാദകരോടും മാതൃഭാഷാ സ്നേഹികളോടും പൊതുസമൂഹത്തോട് കാട്ടുന്ന അവഹേളനമാണിതെന്നും ഫെഫ്ക്ക പറഞ്ഞു. നിലപാട് പുന: പരിശോധിക്കണമെന്നും ഫെഫ്ക ആവശ്യപ്പെട്ടിരുന്നു.

ഫെബ്രുവരി 23 മുതൽ മലയാള സിനിമകൾക്ക് റിലീസ് അനുവദിക്കില്ലെന്ന് തിയറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്ക് പ്രഖ്യാപിച്ചിരുന്നു. സിംഗിള്‍ സ്ക്രീന്‍ തിയറ്ററുകള്‍ നേരിടുന്നത് വലിയ പ്രതിസന്ധിയാണെന്ന് ഫിയോക് പറയുന്നു. പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍റെ പേരില്‍ കണ്ടന്‍റ് മാസ്റ്ററിംഗ് യൂണിറ്റും അനുബന്ധ ചട്ടങ്ങളും ബാധ്യതയാവുകയാണ്. ഏത് പ്രൊജക്റ്റര്‍ വേണമെന്നത് തീരുമാനിക്കേണ്ടത് അതത് തിയറ്റര്‍ ഉടമകളാണ്. പ്രൊജക്റ്ററിന്‍റെ വില ക്രമാതീതമായി ഉയര്‍ന്നിരിക്കുകയാണ്. 42 ദിവസം തിയറ്റര്‍ പ്രദര്‍ശനം കഴിഞ്ഞിട്ടേ സിനിമകള്‍ ഒടിടിയില്‍ പ്രദര്‍ശിപ്പിക്കാവൂ എന്ന നിബന്ധന ലംഘിക്കപ്പെടുകയാണ്. പബ്ലിസിറ്റി കോണ്‍ട്രിബ്യൂഷനും പ്രോജക്റ്റര്‍ നിബനധനകളും മള്‍ട്ടിപ്ലെക്സുകള്‍ക്ക് ബാധകമല്ലെന്നും ഫിയോക് കുറ്റപ്പെടുത്തുന്നു. ഫിയോകിന്‍റെ തീരുമാനത്തെ എതിര്‍ത്ത് നിര്‍മ്മാതാക്കളും വിതരണക്കാരും നേരത്തെ രംഗത്തെത്തിയിരുന്നു. ഫെബ്രുവരി 22ന് തീയറ്ററുകളിലെത്തിയ മഞ്ഞുമ്മൽ ബോയ്സ് ആണ് അവസാനമായി തീയറ്ററുകളിലെത്തിയ മലയാള സിനിമ.

ഫെബ്രുവരിയിൽ റിലീസ് ചെയ്ത എല്ലാ സിനിമകളും തീയറ്ററിൽ നിറഞ്ഞോടുകയാണ്. അന്വേഷിപ്പിൻ കണ്ടെത്തും, പ്രേമലു, ഭ്രമയുഗം, മഞ്ഞുമ്മൽ ബോയ്സ് എന്നീ സിനിമകളാണ് ഈ മാസം തീയറ്ററുകളിലെത്തിയത്. ഇതിൽ പ്രേമലു, ഭ്രമയുഗം, എന്നീ സിനിമകൾ 50 കോടി ക്ലബിൽ കയറി. അന്വേഷിപ്പിൻ കണ്ടെത്തും 40 കോടി ക്ലബിലും മഞ്ഞുമ്മൽ ബോയ്സ് 30 കോടി ക്ലബിലും ഇടം പിടിച്ചു. മാർച്ചിലും മലയാളത്തിൽ ചില വമ്പൻ റിലീസുകളുണ്ട്. ആവേശം, ബസൂക, ആടുജീവിതം തുടങ്ങി ശ്രദ്ധേയ ചിത്രങ്ങളാണ് റിലീസാവാനുള്ളത്.

WEB DESK
Next Story
Share it