പൊള്ളലേറ്റ 3 വയസ്സുകാരൻ മരിച്ച സംഭവം: പിതാവും നാട്ടുവൈദ്യനും അറസ്റ്റിൽ
വയനാട്ടിൽ മൂന്നു വയസ്സുകാരൻ പൊള്ളലേറ്റ് മരിക്കാനിടയായ സംഭവത്തിൽ പിതാവിനെയും ചികിത്സിച്ച വൈദ്യനെയും പൊലീസ് അറസ്റ്റ് ചെയ്തു. അഞ്ചുകുന്ന് വൈശമ്പത്ത് അൽത്താഫിന്റെയും സഫീറയുടെയും മകൻ മുഹമ്മദ് അസാൻ ആണ് കഴിഞ്ഞ മാസം 20ന് മരിച്ചത്. അല്‍ത്താഫ് (45), കുട്ടിയെ ചികിത്സിച്ച വൈദ്യന്‍ കമ്മന ഐക്കരക്കുടി ജോര്‍ജ് (68) എന്നിവരെയാണു മനപൂര്‍വമല്ലാത്ത നരഹത്യ, ബാലനീതി നിയമത്തിലെ വകുപ്പുകള്‍ ചുമത്തി പനമരം പൊലീസ് അറസ്റ്റ് ചെയ്തത്.
ജൂൺ ഒൻപതിന് വൈകിട്ട് ചൂടുവെള്ളം നിറച്ച ബക്കറ്റിൽ വീണാണു കുട്ടിക്കു പൊള്ളലേറ്റത്. തുടർന്നു കുട്ടിയെ മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊള്ളൽ ഗുരുതരമായതിനാൽ വിദഗ്ധ ചികിത്സക്കായി കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റാൻ നിർദേശിച്ചു. എന്നാൽ കുട്ടിയെ നാട്ടുവൈദ്യരെ കാണിച്ചു ചികിത്സ നൽകുകയായിരുന്നു.
കുറവില്ലാതെ വന്നതോടെ ജൂൺ 18നു വീണ്ടും മാനന്തവാടി മെഡിക്കൽ കോളജിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജിലും എത്തിക്കുകയായിരുന്നു. എന്നാൽ രണ്ടു ദിവസം കഴിഞ്ഞ് കുട്ടി മരണത്തിനു കീഴടങ്ങി. പിതാവ് അടക്കമുള്ളവരുടെ താൽപര്യപ്രകാരമാണു കുട്ടിയെ മെഡിക്കൽ കോളജിലേക്കു കൊണ്ടുപോകാതെ നാട്ടുവൈദ്യന്റെ അടുത്തേക്കു കൊണ്ടുപോയത്.
പൊലീസിന്റെ ഇടപെടലിനെത്തുടർന്നാണു കുട്ടിയെ വീണ്ടും മെഡിക്കൽ കോളജിലേക്ക് മാറ്റിയത്. പൊലീസ് അന്വേഷണത്തിൽ കുട്ടിക്ക് മതിയായ ചികിത്സ നിഷേധിച്ചുവെന്ന് ബോധ്യപ്പെട്ടു. ഗുരുതരമായ സാഹചര്യത്തിലെത്തിയിട്ടും കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റാത്തതിനാലാണ് വൈദ്യനെയും പിതാവിനെയും അറസ്റ്റ് ചെയ്തത്.