മാർച്ച് 10ന് രാജ്യവ്യാപക തീവണ്ടി തടയൽ; ആഹ്വാനം ചെയ്ത് കർഷകനേതാക്കൾ
സമരം തുടരുന്ന കർഷകർ മാർച്ച് പത്തിന് രാജ്യവ്യാപകമായി 'റെയിൽ രോക്കോ' (തീവണ്ടി തടയൽ) സമരം നടത്തും. കർഷകനേതാക്കളായ സർവാൻ സിങ് പാന്ഥറും ജഗ്ജിത് സിങ് ദല്ലേവാലുമാണ് സമരത്തിന് ആഹ്വാനം ചെയ്തത്. മാർച്ച് ആറിന് കർഷകർ സമാധാനപരമായി ഡൽഹിയിലേക്ക് നീങ്ങാനാരംഭിക്കുമെന്നും നേതാക്കൾ അറിയിച്ചു. തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കാൻ കേന്ദ്രസർക്കാർ തയ്യാറാകാത്ത പക്ഷം സമരമുറകൾ കടുപ്പിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.
ട്രാക്ടർ ട്രോളികളിൽ എത്തിച്ചേരാനാകാത്ത ദൂരസംസ്ഥാനങ്ങളിൽ നിന്നുള്ള കർഷകർ തീവണ്ടി മാർഗമോ മറ്റു ഗതാഗതസംവിധാനങ്ങളോ ഉപയോഗപ്പെടുത്തി ഡൽഹിയിലെത്തിച്ചേരുമെന്നും നേതാക്കൾ പറഞ്ഞു. ട്രാക്ടറുകളിൽ കർഷകരുടെ യാത്ര സർക്കാർ അനുവദിക്കുമോ എന്നതിനെ ആശ്രയിച്ചാകും കർഷകരുടെ ഡൽഹിയാത്ര തീരുമാനിക്കുക, കർഷകർ മുന്നോട്ടുവെച്ച ആവശ്യങ്ങൾ സർക്കാർ അംഗീകരിക്കുന്നതുവരെ സമരം തുടരാനാണ് തീരുമാനമെന്നും കർഷകർ അറിയിച്ചു. തങ്ങളുടെ ഡൽഹി ചലോ മാർച്ച് തടയാൻ സർക്കാർ എല്ലാ വിദ്യകളും പ്രയോഗിക്കുമെന്നും കർഷകനേതാവ് പാന്ഥർ പറഞ്ഞു.
നിലവിലെ സമരത്തിൽ രണ്ട് സംഘടനകൾ മാത്രമാണ് പങ്കെടുക്കുന്നതെന്നും സമരം പഞ്ചാബിൽ മാത്രം ഒതുങ്ങുന്നതാണെന്നുമുള്ള ധാരണയുളവാക്കാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നതെന്നും എന്നാൽ രാജ്യത്തിലെ 200 ഓളം സംഘടനകൾ സമരത്തിൽ പങ്കാളികളാണെന്നുള്ള വസ്തുത വ്യക്തമാക്കാൻ ഉദ്ദേശിക്കുന്നതായും നേതാക്കൾ പറഞ്ഞു. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വരുന്നതോടെ സമരം ഒടുങ്ങുമെന്നുള്ള ധാരണ പരത്താനുള്ള ശ്രമവും സർക്കാർ നടത്തുന്നതായി കർഷകർ ആരോപിച്ചു.