Begin typing your search...

'പ്രേക്ഷക മനസിൽ സ്ഥാനം നേടിയ കലാകാരൻ; 'നിഷ്ക്കളങ്കമായ ചിരി കൊണ്ട് സ്വന്തം പേരിനെ അന്വർഥമാക്കി: അനുശോചിച്ച് നേതാക്കൾ

പ്രേക്ഷക മനസിൽ സ്ഥാനം നേടിയ കലാകാരൻ; നിഷ്ക്കളങ്കമായ ചിരി കൊണ്ട് സ്വന്തം പേരിനെ അന്വർഥമാക്കി: അനുശോചിച്ച് നേതാക്കൾ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ഇന്നസെന്റിന്റെ വിയോഗത്തിൽ അനുശോചനം അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സ്വതസിദ്ധമായ അഭിനയ ശൈലികൊണ്ട് പ്രേക്ഷക സമൂഹത്തിന്റെ മനസ്സിൽ മായാത്ത സ്ഥാനം നേടിയ കലാകാരനും സാമൂഹ്യ ചുറ്റുപാടുകളെയും ജനജീവിതത്തെയും സ്പർശിച്ച് നിലപാടുകൾ എടുത്ത പൊതുപ്രവർത്തകനുമായിരുന്നു ഇന്നസെന്റ് എന്ന് മുഖ്യമന്ത്രി ഓർമ്മിച്ചു. ചലച്ചിത്ര മേഖലയുടെ വ്യത്യസ്ത മേഖലകളിൽ അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചു. സ്വഭാവ നടനായും ഹാസ്യ നടനായും നിർമാതാവ് എന്ന നിലയിലുമെല്ലാം തിളങ്ങി.

എക്കാലവും ഇടതുപക്ഷ മനസ്സ് സൂക്ഷിച്ച ഇന്നസെന്റ് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ അഭ്യർത്ഥന പ്രകാരം ലോക്സഭ സ്ഥാനാർഥി ആയതും വിജയിച്ചശേഷം പാർലമെന്റിൽ കേരളത്തിന്റെ ആവശ്യങ്ങൾ ശ്രദ്ധേയമാംവിധം ഉന്നയിച്ചതും കേരളം നന്ദിയോടെ ഓർക്കും. നിശ്ചയദാർഢ്യത്തോടെ രോഗത്തോട് അവസാന നിമിഷം വരെ പൊരുതിയതിലൂടെ വലിയൊരു മാതൃകയാണ് ഇന്നസെന്റ് സ്വന്തം ജീവിതം കൊണ്ട് കാട്ടിയത്. രോഗം എന്ന് കേൾക്കുന്ന മാത്രയിൽതന്നെ തളർന്നുപോകുന്ന പലർക്കും ഇടയിൽ രോഗസംബന്ധമായ അസ്വാസ്ഥ്യങ്ങൾ നിലനിൽക്കെത്തന്നെ ആത്മവിശ്വാസത്തോടെ വ്യക്തി ജീവിതവും പൊതുജീവിതവും അദ്ദേഹം മുന്നോട്ട് കൊണ്ടുപോയി.

ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ ഭാഗമായിനിന്ന് പ്രവർത്തിക്കാൻ കഴിഞ്ഞത് ജീവിതത്തിലെ വളരെ ശ്രദ്ധേയമായ അധ്യായമാണെന്ന് ഇന്നസെന്റ് പറയുമായിരുന്നു. ചലച്ചിത്രത്തിൽ എന്നതുപോലെ ജീവിതത്തിലും നർമ്മമധുരമായ വാക്കുകൾ കൊണ്ടും പെരുമാറ്റം കൊണ്ടും സമൂഹത്തെ സന്തോഷിപ്പിക്കുക എന്നതാണ് തനിക്ക് ചെയ്യാനുള്ളത് എന്ന വിശ്വാസക്കാരനായിരുന്നു ഇന്നസെന്റ്. പല പതിറ്റാണ്ടുകൾ മലയാള ചലച്ചിത്രരംഗത്ത് നിറഞ്ഞുനിന്ന അദ്ദേഹം ചലച്ചിത്ര കലാകാരന്മാരുടെ സംഘടനയെ നീണ്ടകാലം ശ്രദ്ധേയമാവിധം നയിച്ചു.

നമ്മുടെ കലാസാംസ്കാരിക രംഗങ്ങൾക്കും പൊതു രാഷ്ട്രീയ രംഗത്തിനും ഒരുപോലെ കനത്ത നഷ്ടമാണ് ഇന്നസെന്റിന്റെ വിയോഗം മൂലം ഉണ്ടായിട്ടുള്ളത്. അത് മലയാളികളുടെ ആകെ നഷ്ടമാണെന്നും മുഖ്യമന്ത്രി അനുശോചിച്ചു. കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുന്നുവെന്നും മുഖ്യമന്ത്രി.

പതിറ്റാണ്ടുകൾ ചിരിപ്പിച്ചും ചിന്തിപ്പിച്ചും നമുക്കൊപ്പം നടന്ന ഇന്നസെൻ്റ് ഇന്ന് വേദനിപ്പിക്കുന്ന ഓർമ്മയായിരിക്കുന്നു എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. വാക്കിലും നോക്കിലും പെരുമാറ്റത്തിലും ഹ്യൂമർ സെൻസിന്റെ മധുരം നിറച്ച ഒരാൾ. അഭിനയത്തിലും എഴുത്തിലും അത്രമേൽ ആത്മാർഥത കാട്ടിയ ഒരാൾ. നിഷ്ക്കളങ്കമായ ഒരു ചിരി കൊണ്ട് സ്വന്തം പേരിനെ അന്വർഥമാക്കിയ ഒരാൾ. അതിലേറെ ശരീരത്തെ കാർന്നു കൊണ്ടിരിക്കുന്ന രോഗത്തെ ധീരതയോടെ നേരിടുകയും സമൂഹത്തിന് ഒന്നാകെ ധൈര്യം പകർന്ന് നൽകുകയും ചെയ്തൊരാൾ. ഇന്നസെൻ്റിന് പകരം വയ്ക്കാൻ മറ്റൊരാളില്ല.

സിനിമയിൽ സൃഷ്ടിച്ച കഥാപാത്രങ്ങളെ പോലെ ജീവിതത്തിലും പല വേഷങ്ങൾ. ഇരിഞ്ഞാലക്കുട നഗരസഭ മുതൽ ഇന്ത്യൻ പാർലമെൻ്റ് വരെ നീണ്ട രാഷ്ട്രീയ ജീവിതം. അമ്മയുടെ പ്രസിഡന്റ് സ്ഥാനത്ത് 18 വർഷം. അറുനൂറിലധികം ചലച്ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള ഇന്നസെന്റ് മലയാള സിനിമയെ ലോകത്തിന് മുന്നിൽ അടയാളപ്പെടുത്തിയ ഹാസ്യതാരങ്ങളില്‍ ഒരാളാണ്.

എന്റെ കൗമാരത്തിലും യൗവനത്തിലും ഇന്നസെൻ്റ് സ്ക്രീനിൽ നിറഞ്ഞാടുകയായിരുന്നു. 80കളിലും 90 കളിലും വർഷത്തിൽ നാൽപ്പതും നാൽപത്തഞ്ചും സിനിമകൾ വരെ ചെയ്തു. പ്രത്യേക ശരീരഭാഷയും സംഭാഷണ ശൈലിയും അനുപമമായ അഭിനയസിദ്ധിയും കൊണ്ട് ഇന്നസെൻ്റെന്ന ഇരിങ്ങാലക്കുടക്കാരൻ അരനൂറ്റാണ്ട് മലയാള സിനിമക്കൊപ്പം നടന്നു. അദ്ദേഹത്തിൻ്റെ വിയോഗം ചലച്ചിത്ര മേഖലയ്ക്ക് നികത്താനാകാത്ത നഷ്ടമാണെന്നും വി ഡി സതീശൻ പറഞ്ഞു. കുടുംബാംഗങ്ങളുടെയും സഹപ്രവർത്തകരുടെയും ആരാധകരുടെയും ദുഃഖത്തിൽ പങ്ക് ചേരുന്നുവെന്നും പ്രതിപക്ഷ നേതാവ്.

മഹാനായ കലാകാരനും സാമൂഹ്യപ്രതിബദ്ധതയുള്ള പൊതുപ്രവർത്തകനുമായിരുന്നു ഇന്നസെന്റ് എന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ അനുസ്മരിച്ചു. എന്നും എക്കാലവും ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ശക്തനായ സഹയാത്രികനും വക്താവുമായിരുന്നു അദ്ദേഹം. ലോക്സഭാംഗം എന്ന നിലയിൽ മികച്ച പ്രവർത്തനം കാഴ്ചവയ്ക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു.

ഇന്നസെന്റിനോടൊപ്പം ഒരേ കാലയളവിൽ എംപി ആയിരിക്കാൻ കഴിഞ്ഞപ്പോഴാണ് അദ്ദേഹവുമായി കൂടുതൽ അടുക്കാൻ കഴിഞ്ഞത്. വളരെ മികച്ച ഓർമ്മകളാണ് അദ്ദേഹവുമായി ബന്ധപ്പെട്ടുള്ളത്. നാല് പതിറ്റാണ്ടിലധികമായി മലയാള സിനിമയിലെ നിറസാന്നിധ്യമായ ഇന്നസെന്റ് ദീർഘകാലം സിനിമ താരങ്ങളുടെ സംഘടനയുടെ പ്രസിഡന്റായിരുന്നു.

ക്യാൻസർ രോഗത്തെ ആത്മവിശ്വാസത്തോടെ അതിജീവിച്ച ഇന്നസെന്റ് രോഗബാധിതർക്കാകെ പ്രചോദനമായിരുന്നു. മലയാള സിനിമയിലെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളായ ഇന്നസെന്റിന്റെ വിയോഗം വലിയ ശൂന്യത സൃഷ്ടിക്കും. അദ്ദേഹത്തിന്റെ വിയോഗത്തിൽ അനുശോചനം അറിയിക്കുന്നുവെന്നും കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും മന്ത്രി പറഞ്ഞു.

ഇന്നസന്റിന്റെ വിയോഗത്തിൽ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ അനുശോചിച്ചു. പകരം വയ്ക്കാനില്ലാത്ത പകർന്നാട്ടങ്ങളിലൂടെ വിസ്മയിപ്പിച്ച ഇന്നസന്റിന്റെ വേർപാട് മലയാള സിനിമയ്ക്കു തീരാനഷ്ടമാണ്. ഹാസ്യനടനായും സ്വഭാവനടനായും അതിശയിപ്പിച്ച അദ്ദേഹം ആടിത്തിമിർത്ത കഥാപാത്രങ്ങളിലൊന്നും മറ്റൊരു താരത്തെ ചിന്തിക്കാൻ പോലും സാധിക്കില്ല. കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു.

ഇന്നസന്റിന്റെ വിയോഗം മലയാള സിനിമയ്ക്ക് തീരാനഷ്ടമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ പറഞ്ഞു. അച്ഛനായും ജ്യേഷ്ഠനായും സുഹൃത്തായും മലയാളിയുടെ വീട്ടിലെ ഒരംഗമായി മാറിയ നടനായിരുന്നു ഇന്നസന്റ്. തന്റെ സ്വതസിദ്ധമായ നർമം കൊണ്ട് എല്ലാവരുടെയും പ്രിയങ്കരനായി മാറാൻ അദ്ദേഹത്തിന് സാധിച്ചു. കുടുംബത്തിന്റെയും ആരാധകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നു.

ഇന്നസന്റിന്റെ മരണത്തിൽ പ്രമുഖ ചലച്ചിത്ര നിർമാതാവ് ഗോകുലം ഗോപാലൻ അനുശോചിച്ചു. മഹാനടനെയാണ് മലയാള സിനിമയ്ക്കു നഷ്ടമായത്. എനിക്കു സഹോദരതുല്യനാണ്. സൗഹൃദങ്ങൾക്ക് ഏറെ പ്രാധാന്യം നൽകുന്നയാളാണ് ഇന്നസന്റ്.

Elizabeth
Next Story
Share it