കലൂർ സ്റ്റേഡിയത്തിലെ ഗ്യാലറിയിൽ നിന്ന് വീണ് ഉമ തോമസിന് ഗുരുതര പരിക്കേറ്റ സംഭവം; ഇവന്റ് മാനേജ്‌മെന്റ് ഉടമ അറസ്റ്റിൽ
കലൂർ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിലെ ഗ്യാലറിയിൽ നിന്ന് താഴെ വീണ് തൃക്കാക്കര എം.എൽ.എ ഉമ തോമസിന് ഗുരുതര പരിക്കേറ്റ സംഭവത്തിൽ ഇവന്റ് മാനേജ്‌മെന്റ് ഉടമ അറസ്റ്റിൽ. ഓസ്‌കർ ഇവന്റ് മാനേജ്‌മെന്റ് ഉടമ കൃഷ്‌ണകുമാറാണ് അറസ്റ്റിലായത്. നൃത്ത പരിപാടി സംഘടിപ്പിച്ച മൃദംഗ വിഷനുവേണ്ടി അനുമതികൾക്കായി വിവിധ ഏജൻസികളെ സമീപിച്ചത് കൃഷ്‌ണകുമാർ ആയിരുന്നു. ഇയാളുടെ വിശദമായ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. നിലവിൽ ജാമ്യം ലഭിക്കുന്ന കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നതെന്നാണ് വിവരം.
സംഭവത്തിൽ സംഘാടകരുടെ ഭാഗത്ത് വീഴ്‌ച ഉണ്ടായതായി കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ പുട്ട വിമലാദിത്യ പറഞ്ഞു. അന്വേഷണത്തിൽ എല്ലാ വശങ്ങളും പരിശോധിക്കും. അനുമതി നൽകിയതുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ പരിശോധിക്കുകയാണ്. സാമ്പത്തിക തട്ടിപ്പ് പരാതി ഇതുവരെ ലഭിച്ചിട്ടില്ല. സിനിമാതാരങ്ങൾക്ക് നൃത്തപരിപാടിയുമായി ബന്ധമുണ്ടോയെന്ന് പരിശോധിക്കുമെന്നും കമ്മിഷണർ വ്യക്തമാക്കി.
അപകടത്തിൽ മുൻകൂർ ജാമ്യം തേടി സംഘാടകർ ഹൈക്കോടതിയെ സമീപിച്ചിരുന്നു. മൃദംഗ വിഷൻ എംഡി നിഗോഷ് കുമാറാണ് ഹൈക്കോടതിയെ സമീപിച്ചത്. ജാമ്യാപേക്ഷ ഹൈക്കോടതി നാളെ പരിഗണിക്കും. സുരക്ഷാ മാനദണ്ഡങ്ങൾ എല്ലാം പാലിച്ചിരുന്നുവെന്നാണ് മൃദംഗവിഷൻ കോടതിയെ അറിയിച്ചിരിക്കുന്നത്.
കലൂർ സ്റ്റേഡിയത്തിലെ നൃത്ത പരിപാടിയുടെ കരാറും പുറത്തുവന്നിരുന്നു. മൃദംഗ വിഷനുമായുള്ള ഗ്രേറ്റർ കൊച്ചിൻ ഡെവലപ്‌മെന്റ് അതോറിറ്റിയുടെ (ജിസിഡിഎ) കരാറാണ് പുറത്തുവന്നത്. സ്റ്റേഡിയം ഉപയോഗിക്കാൻ മാത്രമാണ് അനുമതി നൽകിയത്. സ്റ്റേജ് ഉൾപ്പെടെയുള്ള അധിക നിർമാണത്തിന് അനുമതി തേടിയിരുന്നില്ല. അധിക നിർമാണത്തിന് അനുമതി തേടണമെന്ന് ജിസിഡിഎ നിർദേശിച്ചിരുന്നു.
അപകടത്തിൽ സുരക്ഷാ വീഴ്‌ചയുണ്ടായെന്ന് മന്ത്രി സജി ചെറിയാൻ വിമർശിച്ചിരുന്നു. കലൂരിൽ സ്റ്റേജ് കെട്ടിയത് ലാഘവത്തോടെയാണ്. വേദിക്ക് ബാരിക്കേഡ് കെട്ടേണ്ടതായിരുന്നു. ഗൺമാൻ അക്കാര്യം ചൂണ്ടിക്കാട്ടുകയും ചെയ്തു. സങ്കടകരമായ അപകടമാണ് ഉണ്ടായതെന്നും സജി ചെറിയാൻ പറഞ്ഞു. പരിക്കേറ്റ ഉമ തോമസ് വെന്റിലേറ്ററിൽ തുടരുകയാണ്. അപകടനില തരണം ചെയ്തുവെന്ന് പറയാറായിട്ടില്ലെങ്കിലും നേരത്തെയുണ്ടായിരുന്നതിൽ നിന്ന് കാര്യമായ മാറ്റമുണ്ടെന്നാണ് മെഡിക്കൽ സംഘം അറിയിച്ചിരിക്കുന്നത്.