നെടുമ്പാശ്ശേരിയിലെ അവയവമാഫിയ കേസ്: രാജ്യാന്തര അവയവ മാഫിയയുമായി പ്രതിക്ക് ബന്ധമെന്ന് സൂചന
എറണാകുളം നെടുമ്പാശ്ശേരിയിലെ അവയവമാഫിയ കേസിൽ അഞ്ച് വർഷത്തിനിടെ രാജ്യത്തെ പല സംസ്ഥാനങ്ങളിൽ നിന്നും പ്രതി ദാതാക്കളെ ഇറാനിലെത്തിച്ചെന്ന് വിവരം. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ളവരെയടക്കം ഇറാനിലെ ഫരീദിഖാൻ ആശുപത്രിയിൽ ശസ്ത്രക്രിയക്കെത്തിച്ച് സ്വീകർത്താവിൽ നിന്ന് പണം വാങ്ങിയെടുത്തു. രാജ്യാന്തര മാഫിയ സംഘങ്ങളുടെ പങ്ക് സംശയിക്കുന്ന കേസിൽ കേന്ദ്ര ഏജൻസികളും പ്രാഥമിക അന്വേഷണം തുടങ്ങി. പ്രതിയെ ഇന്ന് അങ്കമാലി കോടതിയിൽ ഹാജരാക്കും.
സാമ്പത്തിക പ്രശ്നങ്ങൾ കാരണം ദാതാവ് ആകാൻ സ്വയം ഇറങ്ങി പുറപ്പെട്ട് ഒടുവിൽ ഈ മാഫിയ സംഘത്തിലെ കണ്ണിയായെന്നാണ് സാബിത്ത് നാസർ പൊലീസിനോട് പറയുന്നത്. 2019ൽ വൃക്ക നൽകി പണം കൈപ്പറ്റാനാണ് ആദ്യം ശ്രമിച്ചത്. എന്നാൽ കൂടുതൽ ദാതാക്കളെ ബന്ധപ്പെടുത്തി നൽകിയാൽ പണം വഴിയെ പോരുമെന്ന് മനസ്സിലാക്കി ഏജന്റായി. 2019ൽ തൃശൂർ വലപ്പാട് ഇടമുട്ടത്ത് പത്ത് ദിവസം മാത്രമാണ് സാബിത്ത് നാസർ താമസിച്ചത്. എന്നാൽ അവിടം നാട്ടിലെ മേൽവിലാസമാക്കി. ഭാര്യ ഉപേക്ഷിച്ചതോടെ സഹോദരിയുടെ വീട്ടിലും പലയിടങ്ങളിലായി വാടകവീടെടുത്തും കേരളത്തിൽ വന്നും പോയുമിരുന്നു.
കൂടുതൽ സമയവും ഇറാനിൽ താമസമാക്കി. അവിടെ ഫരീദിഖാൻ ആശുപത്രിയിൽ വൃക്ക മാറ്റി വയ്ക്കൽ നടപടികൾക്കായി 20 ദാതാക്കളെ വരെ ഇന്ത്യയിൽ നിന്നും റിക്രൂട്ട് ചെയ്തുവെന്നാണ് പ്രതിയുടെ മൊഴി. മലയാളികളിൽ അല്ല അവയവം മാറ്റിവയ്ക്കൽ ഭൂരിഭാഗവും നടത്തിയത് ഉത്തരേന്ത്യൻ സംസ്ഥാനക്കാരെയെന്നും ഇയാളുടെ കുറ്റസമ്മത മൊഴി. എന്നാൽ വിശദമായ ചോദ്യം ചെയ്യൽ വേണ്ടി വരുമെന്നാണ് പൊലീസ് പറയുന്നത്.
ഇയാളുടെ സാമ്പത്തിക ഇടപാടുകളിലും വിശദമായ അന്വേഷണം വേണം. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരെ പണം വാഗ്ദാനം നൽകി ചൂഷണം ചെയ്ത് എല്ലാം നിയമപരമെന്ന് തെറ്റിദ്ധരിപ്പിച്ചാണ് വിദേശ രാജ്യങ്ങളിലേക്ക് ഇയാൾ അവയവകടത്ത് നടത്തിയത്. നാമം മാത്രമായ തുക ദാതാവിന് നൽകി സ്വീകർത്താവിൽ നിന്ന് പലഇരട്ടി തുക കൈപ്പറ്റിയാണ് മാഫിയസംഘങ്ങൾ ലാഭം കൊയ്യുന്നത്. തത്കാലത്തേക്ക് താമസിച്ചൊഴിഞ്ഞ മേൽവിലാസം വഴി ഇയാൾ എങ്ങനെ പാസ് പോർട്ട് നേടി എന്നതും പൊലീസ് അന്വേഷിക്കുന്നു. എന്നാൽ രാജ്യാന്തര ബന്ധങ്ങളിലേക്ക് വഴിവയ്ക്കുന്ന കേസ് കേന്ദ്ര ഏജൻസികൾ ഏറ്റെടുക്കണോ എന്നതിലും പരിശോധന തുടങ്ങി. കേസിൽ പ്രാഥമിക വിവരശേഖരണം കേന്ദ്ര ഏജൻസികൾ പൂർത്തിയാക്കിയിട്ടുണ്ട്.