പുക മൂടി പ്രദേശം; ബ്രഹ്മപുരത്ത് തീയണയ്ക്കാൻ വ്യോമസേനയുടെ സഹായം തേടിയേക്കും
ബ്രഹ്മപുരം മാലിന്യ സംസ്കരണ കേന്ദ്രത്തിലെ തീപിടിത്തം നിയന്ത്രിക്കാൻ വ്യോമസേനയുടെ സഹായം തേടുന്ന കാര്യം ആലോചിക്കുന്നു. ഇന്ന് ഉച്ചയോടെ തീ നിയന്ത്രണ വിധേയമായില്ലെങ്കിൽ വ്യോമസേനയുടെ സഹായം തേടുമെന്നു കലക്ടർ ഡോ. രേണുരാജ് അറിയിച്ചു.
തീനാളങ്ങളുടെ ശക്തി കുറഞ്ഞെങ്കിലും പുക വമിക്കുന്നതു തുടരുകയാണ്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി വഴി വ്യോമസേനയുമായി പ്രാഥമിക ചർച്ചകൾ നടത്തി. ബ്രഹ്മപുരത്തെ സ്ഥിതി ചർച്ച ചെയ്യാൻ വൈകിട്ട് മൂന്നിന് കലക്ടറേറ്റിൽ യോഗം ചേരും.
വ്യാഴാഴ്ച വൈകിട്ട് നാലിനാണ് കുന്നുകൂടിക്കിടന്ന പ്ലാസ്റ്റിക് മാലിന്യത്തിന് തീപിടിച്ചത്. പടർന്നു പിടിച്ച തീ 70 ഏക്കറോളം ഭാഗത്താണ് വ്യാപിച്ചത്. ജില്ലയിലെ വിവിധ ഇടങ്ങളിൽ നിന്നായി ഒട്ടേറെ അഗ്നിരക്ഷാ സേന യൂണിറ്റുകള്‍ സ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്. പ്ലാസ്റ്റിക് മാലിന്യം ഇടയ്ക്കിടെ പൊട്ടിത്തെറിക്കുന്നത് അഗ്നിരക്ഷാ സേനയ്ക്ക് വെല്ലുവിളിയാണ്. തീ ആസൂത്രിതമായി ആരെങ്കിലും കത്തിച്ചതാണോയെന്ന സംശയം ബലപ്പെട്ടിരുന്നു.
രണ്ടു ദിവസമായിട്ടും തീയണയ്ക്കാൻ കഴിയാത്തതോടെ കൊച്ചി നഗരം പുകയിൽ മൂടി. ഏരൂർ, ഇൻഫോപാർക്ക്, രാജഗിരി, മാപ്രാണം, ചിറ്റേത്തുകര, വൈറ്റില, കടവന്ത്ര തുടങ്ങിയ പ്രദേശങ്ങളിൽ പുക ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. പരിസരവാസികൾക്ക് ശ്വാസതടസ്സം ഉൾപ്പെടെയുള്ള ശാരീരിക പ്രശ്നങ്ങൾ ഉണ്ടായി. കനത്ത പുക കാരണം സമീപവാസികൾക്ക് ആരോഗ്യ പ്രശ്നങ്ങളുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ കലക്ടർ ജില്ലാ മെഡിക്കൽ ഓഫിസർക്ക് നിർദേശം നൽകിയിട്ടുണ്ട്.