ഇ പി ജയരാജൻ സിപിഎം സെക്രട്ടേറിയറ്റിൽ പങ്കെടുക്കും
അനധികൃത സ്വത്ത് സമ്പാദന വിവാദത്തിൽ എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ വെള്ളിയാഴ്ച സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിൽ പങ്കെടുത്ത് വിശദീകരണം നൽകും. കേരളത്തിൽ വിഷയം പരിശോധിക്കാനുള്ള പി ബി നിർദ്ദേശത്തെ തുടർന്നാണിത്. സംസ്ഥാനത്ത് പരിശോധന നടത്തിയ ശേഷം കേന്ദ്ര നേതൃത്വത്തിന് റിപ്പോർട്ട് നൽകും.
കണ്ണൂരിലെ വൈദീകം റിസോർട്ട് വിവാദം ശക്തമാകുമ്പോൾ ഇതാദ്യമായാണ് മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് ഇ പി ജയരാജൻ പ്രതികരിക്കുന്നത്. തിരുവനന്തപുരത്ത് പോകുന്നതിൽ എന്താണ് പ്രശ്‌നം, താൻ കേരളം മുഴുവൻ യാത്ര ചെയ്യുന്ന ആളാണെന്നായിരുന്നു ഇ പി ജയരാജൻ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകിയത്. വെള്ളിയാഴ്ച ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റ് വൈദീകം റിസോർട്ട് വിവാദം ചർച്ച ചെയ്യും. സെക്രട്ടറിയേറ്റിൽ പങ്കെടുത്ത് വിശദീകരണം നൽകാനാണ് ഇ പി ജയരാജൻറെ തീരുമാനം. പി ജയരാജൻ ഇതുവരെ പരാതി എഴുതി നൽകിയിട്ടില്ല. എന്നാൽ വിവാദം ഉയർന്ന പശ്ചാത്തലത്തിൽ ഇക്കാര്യം പരിശോധിക്കണമെന്ന നിലപാടിലാണ് സിപിഎം കേന്ദ്ര നേതാക്കൾ. സംസ്ഥാനത്ത് തന്നെ ഈ വിഷയം പരിശോധിക്കാനുള്ള നിർദ്ദേശമാണ് ഡൽഹിയിൽ തുടരുന്ന പോളിറ്റ് ബ്യൂറോ യോഗം നൽകിയിരിക്കുന്നത്.