പുസ്തകം പുറത്ത് വന്നാലേ കാര്യങ്ങൾ വ്യക്തമാകൂ; ഇ.പിയുടെ പുസ്തകത്തെപ്പറ്റി ഇപ്പോൾ പ്രതികരിക്കാനില്ലെന്ന് സരിൻ
ഇ.പി. ജയരാജന്റെ ആത്മകഥയിലേതെന്ന പേരിൽ പുറത്തുവന്ന ഭാഗങ്ങളുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ പ്രതികരണവുമായി പാലക്കാട് എൽഡിഎഫ് സ്ഥാനാർഥി ഡോ. പി സരിൻ. ഇപിയുടെ ആത്മകഥയിൽ സരിനെതിരേ വിമർശനമുള്ളതായി റിപ്പോർട്ടുണ്ടായിരുന്നു. 'സ്വതന്ത്രർ വയ്യാവേലികളാണ്. അദ്ദേഹത്തിന്റെ സ്ഥാനാർഥിത്വം ശരിയോ തെറ്റോ എന്ന് കാലം തെളിയിക്കും' തുടങ്ങിയ ഭാഗങ്ങൾ പുസ്തകത്തിലുണ്ടെന്നാണ് വിവരം.
അങ്ങനെ ഒരു പുസ്തകമുണ്ടെങ്കിൽ അത് വായനക്കാരുടെ കൈയിലേക്കെത്തിയ ശേഷം വിഷയം ചർച്ച ചെയ്യാമെന്നും താൻ ഇവിടെയൊക്കെ തന്നെയുണ്ടാകുമെന്നും മറുപടി പറയാതെ പോകില്ലെന്നും സരിൻ പ്രതികരിച്ചു.
പുസ്തകമിറങ്ങി അതിൽ ഈ പറയുന്നതുപോലെ വ്യക്തിപരമായ ഒരു പരാമർശമുണ്ടെങ്കിൽ അപ്പോൾ അതിന് മറുപടി പറയാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ''പുസ്തകത്തിലെ ഭാഗങ്ങൾ എന്ന പേരിൽ പുറത്തുവന്ന പരാമർശങ്ങൾ അദ്ദേഹം തന്നെ നിഷേധിച്ചതായാണ് അറിയാൻ കഴിയുന്നത്. പരാമർശങ്ങൾ ഒരുപക്ഷേ വളച്ചൊടിച്ചതായിരിക്കാം. പുസ്തകം പുറത്ത് വന്നാലേ കാര്യങ്ങൾ വ്യക്തമാകൂ,' സരിൻ പറഞ്ഞു.