സന്ദീപ് വാര്യരുടെ കോൺഗ്രസ് പ്രവേശനം ; ചർച്ചകൾ നയിച്ചത് ബെന്നി ബെഹ്നാൻ എം.പി
ബിജെപി നേതാവ് സന്ദീപ് വാര്യരെ കോണ്‍ഗ്രസിലെത്തിക്കാനുള്ള ചര്‍ച്ചകള്‍ക്ക് നേതൃത്വം നൽകിയത് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ബെന്നി ബെഹ്നാൻ എം.പി. സന്ദീപുമായുള്ള ചര്‍ച്ചകള്‍ക്ക് പാലമായത് കെപിഎസ്‍ടിഎ മുൻ അധ്യക്ഷൻ ഹരി ഗോവിന്ദാണെന്നും പാര്‍ട്ടി വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. മറ്റു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും അതീവ രഹസ്യമായി സന്ദീപ് വാര്യരുമായി ചര്‍ച്ച നടത്തിയാണ് അന്തിമ തീരുമാനമെടുത്തത്. ദിവസങ്ങള്‍ക്ക് മുമ്പ് ബെന്നി ബെഹ്നാൻ പ്രാഥമിക ചര്‍ച്ച നടത്തിയെന്നാണ് വിവരം.
ഇതിന് ഇടനിലക്കാരനായി ഹരി ഗോവിന്ദും പ്രവര്‍ത്തിച്ചു. പ്രാഥമിക ചര്‍ച്ചയിലൂടെ കോണ്‍ഗ്രസ് പ്രവേശനത്തിനുള്ള സന്നദ്ധത സന്ദീപ് വാര്യര്‍ അറിയിച്ചതോടെ ഇന്നലെ രാത്രി പ്രതിപക്ഷ നേതാവ് വിഡി സതീശനും ചര്‍ച്ച നടത്തി. സന്ദീപുമായി പ്രതിപക്ഷ നേതാവ് ചര്‍ച്ച നടത്തിയതിന് ശേഷം കെസി വേണുഗോപാല്‍ സന്ദീപുമായി ഫോണിൽ സംസാരിച്ചു. പ്രതിപക്ഷ നേതാവ് ചര്‍ച്ച നടത്തിയപ്പോള്‍ ഒപ്പം ദീപാ ദാസ് മുൻഷിയും ഉണ്ടായിരുന്നുവെന്നാണ് വിവരം. കെസി വേണുഗോപാല്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചര്‍ച്ചയുടെ ഭാഗമായശേഷം സന്ദീപിനെ കോണ്‍ഗ്രസിലേക്ക് സ്വീകരിക്കാൻ നേതൃത്വം തീരുമാനിക്കുകയായിരുന്നു. തുടര്‍ന്നാണ് ഇന്ന് വാര്‍ത്താസമ്മേളനം നടത്തി സന്ദീപിനെ കോണ്‍ഗ്രസിലേക്ക് സ്വീകരിക്കുന്നത്.