തണ്ണീർ കൊമ്പൻ ചരിഞ്ഞത് ഹൃദയാഘാതം മൂലം
മാനന്തവാടിയില്‍ നിന്ന് ഇന്നലെ പിടികൂടിയ തണ്ണീര്‍ കൊമ്പന്‍ ചരിഞ്ഞത് ഹൃദയാഘാതം മൂലമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ആനയുടെ ഞരമ്പുകളിൽ കൊഴുപ്പ് അടിഞ്ഞു കൂടിയിരുന്നു. ഇതും മരണ കാരണമായെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു.
ആനയുടെ ശരീരത്തിൽ മുറിവ് ഉണ്ടായിരുന്നു. ശ്വാസകോശത്തിൽ അണുബാധ ഉണ്ടായിരുന്നു. ആനയുടെ പിൻ കാലിലെ മുഴയിൽ പഴുപ്പ് നിറഞ്ഞിരുന്നു എന്നും പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. മയക്കു വെടിക്ക് ശേഷം പടക്കം പൊട്ടിച്ചതും ആൾക്കൂട്ടവും പടക്കത്തിന്റ ശബ്ദവും ആനയെ പരിഭ്രാന്തനാക്കിയെന്നാണ് കർണാടക വനം വകുപ്പ് പറയുന്നത്. ആനയ്ക്ക് സമ്മർദ്ദത്തെ അതിജീവിക്കാനുള്ള കഴിവ് ഇല്ലായിരുന്നു എന്നും അവർ പറയുന്നു.
ബന്ദിപ്പൂർ ഫോറസ്റ്റ് ഡിവിഷനിലെ രാമപുര ബേസ് ക്യാമ്പിലാണ് പോസ്റ്റ്‌മോർട്ടം നടന്നത്. ഇരുസംസ്ഥാനങ്ങളിലെയും ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരുന്നു പോസ്റ്റ്‌മോർട്ടം. കർണാടക വെറ്റിനറി സർജന്മാരുടെ സംഘം ബന്ദിപ്പൂരിലെത്തിയിരുന്നു. കേരളത്തിൽ നിന്നുള്ള 5 അംഗ വിദഗ്ദ സംഘവും എത്തിയിരുന്നു. കർണാടക വെറ്റിനറി സർജൻ ഡോക്ടർ വസീം മിർജായുടെ നേതൃത്വത്തിലാണ് പോസ്റ്റ്‌മോർട്ടം നടന്നത്.