വയനാട്ടിലെ വന്യജീവി ആക്രമണം; പോളിന്റെ മൃതദേഹവുമായി പുൽപ്പള്ളിയിൽ പ്രതിഷേധം
വയനാട്ടിൽ തുടർച്ചയായി ഉണ്ടാകുന്ന വന്യജീവി ആക്രമണങ്ങളിൽ നടപടി ആവശ്യപ്പെട്ട് ആഹ്വാനം ചെയ്ത ഹർത്താൽ പുരോഗമിക്കുന്നു. എൽ.ഡി.എഫും, യു.ഡി.എഫും ബി.ജെ.പി.യുമാണ് ഹർത്താലിന് ആഹ്വാനം ചെയ്തത്. അതിനിടെ, കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട പോളിന്റെ മൃതദേഹം വയനാട്ടിൽ എത്തിച്ചിട്ടുണ്ട്. മൃതദേഹവുമായി പുൽപ്പള്ളി ബസ് സ്റ്റാന്റിൽ നാട്ടുകാർ വൻ പ്രതിഷേധം സംഘടിപ്പിച്ചു.
ശനിയാഴ്ച രാവിലെ ആറുമണി മുതലാണ് ജില്ലയിൽ ഹർത്താൽ തുടങ്ങിയത്. ജില്ലാ കവാടമായ ലക്കിടി, മാനന്തവാടി തുടങ്ങി മിക്ക സ്ഥലങ്ങളിലും വാഹനങ്ങൾ തടയുന്നുണ്ട്. കെ.എസ്.ആർ.ടി.സി ബസുകൾ, സ്വകാര്യ ബസുകൾ, ഓട്ടോ, ടാക്സി എന്നിവയൊന്നും നിരത്തിലിറങ്ങിയിട്ടില്ല. ആശുപത്രി ആവശ്യത്തിനായി പോകുന്ന സ്വകാര്യ വാഹനങ്ങൾ മാത്രമാണ് കടത്തിവിടുന്നത്. വന്യമൃഗ ആക്രമണങ്ങൾക്ക് ശാശ്വത പരിഹാരം ആവശ്യപ്പെട്ട് നടത്തുന്ന ഹർത്താലിൽ എല്ലാ രീതിയിലും ജനജീവിതം സ്തംഭിച്ചിരിക്കുകയാണ്. അതിനിടെ പോളിന്റെ മൃതദേഹവുമായി പുൽപ്പള്ളി ബസ് സ്റ്റാന്റിൽ നാട്ടുകാർ പ്രതിഷേധിച്ചു. ശനിയാഴ്ച രാവിലെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും പുറപ്പെട്ട പോളിന്റെ മൃതദേഹം
സമയം മുൻപായിരുന്നു പുൽപ്പള്ളിയിലെത്തിയത്. 50 ലക്ഷം രൂപ നഷ്ടപരിഹാരം, കുടുംബത്തിൽ ഒരാൾക്ക് ജോലി, മക്കളുടെ വിദ്യാഭ്യാസം തുടങ്ങിയ ആവശ്യങ്ങളാണ് കുടുംബാംഗങ്ങൾ ഉന്നയിക്കുന്നത്. ഇത് അംഗീകരിച്ചതിന് ശേഷമായിരിക്കും സംസ്‌കാരചടങ്ങുകൾ നടക്കുകയെന്നാണ് വിവരം.