അരിക്കൊമ്പൻ ജനവാസ മേഖലയിലിറങ്ങി; മഴ മേഘങ്ങൾ കാരണം സിഗ്‌നൽ കിട്ടുന്നതിൽ തടസം
അരിക്കൊമ്പൻ വീണ്ടും ജനവാസ മേഖലയിലിറങ്ങി. ഇന്നലെ രാത്രി ഹൈവേസ് ഡാമിന് സമീപമാണ് കൊമ്പനിറങ്ങിയത്. തമിഴ്‌നാട്ടിലെ ഹൈവേസ് ഡാമിന് സമീപം കൃഷി നശിപ്പിക്കാൻ അരിക്കൊമ്പൻ ശ്രമിച്ചു. പിന്നാലെ തൊഴിലാളികളും വനപാലകരും ചേർന്ന് ആനയെ കാട്ടിലേക്ക് തുരത്തുകയായിരുന്നു. തമിഴ്‌നാട് വന മേഖലയിലാണ് അരിക്കൊമ്പൻ ഇപ്പോഴുള്ളത്. മഴ മേഘങ്ങൾ കാരണം ഇപ്പോൾ അരിക്കൊമ്പൻറെ സിഗ്‌നൽ ലഭിക്കുന്നില്ല.
അതേസമയം അരിക്കൊമ്പനെ പേടിച്ച് തമിഴ്‌നാട് അതിർത്തിയിലെ ജനങ്ങളും വനം വകുപ്പും. മേഘമല, ഇരവിങ്കലാർ, മണലാർ മേഖലകളിൽ രാത്രി യാത്ര ഒഴിവാക്കണമെന്നു മുന്നറിയിപ്പും നൽകി. തുറന്നുവിട്ട സ്ഥലത്തുനിന്ന് ആന ഇതിനകം 40 കിലോമീറ്ററോളം സഞ്ചരിച്ചെന്നാണു കണക്ക്.
അരിക്കൊമ്പൻ വിലസി നടന്നിരുന്ന ചിന്നക്കനാലിലെ സാഹചര്യങ്ങൾക്കു സമാനമാണ് മേഘമലയിലേത്. വനാതിർത്തിയോടു ചേർന്ന് തേയിലത്തോട്ടം, ലയങ്ങൾ, തടാകം എന്നിവയ്ക്കു പുറമേ കാലാവസ്ഥയും ഏറക്കുറെ സമാനമാണ്. ഈ ഭാഗത്തെ വനത്തിൽ നിന്നു പുറത്തിറങ്ങിയാൽ ആനയ്ക്ക് തേയിലത്തോട്ടങ്ങളിലെത്താം. ഇവിടെ ജനസാന്ദ്രത കൂടുതലാണ്. ഇരവിങ്കലാറിൽ അരിക്കൊമ്പൻ ഒരു വീടിന്റെ വാതിലുകൾ തകർത്തു എന്ന വ്യാജവാർത്തയും പ്രചരിച്ചു. വീടിന്റെ വാതിൽ കാട്ടാന പൊളിച്ചെന്നും ഇത് അരിക്കൊമ്പൻ അല്ലെന്നും തമിഴ്‌നാട് വനം വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു.