ലഹരിവിരുദ്ധ കാമ്പയിന് പിന്നാലെ മദ്യപാനം; ഡി.വൈ.എഫ്.ഐ. നേതാക്കൾക്കെതിരെ നടപടി
ലഹരിവിരുദ്ധ കാമ്പയിനിടെ ബാറിലിരുന്ന് മദ്യപിച്ചതിന് ഡി.വൈ.എഫ്.ഐയിൽ നടപടി. തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗത്തേയും നേമം ഏരിയാ പ്രസിഡന്റിനേയും പുറത്താക്കി. പി. ബിജുവിന്റെ പേരിലുള്ള ആംബുലൻസ് ഫണ്ടിലെ ക്രമക്കേട് അന്വേഷിക്കാൻ കമ്മീഷനെ നിയോഗിക്കാനും ഡി.വൈ.എഫ്.ഐ. ജില്ലാ കമ്മിറ്റി തീരുമാനിച്ചു.
യുവജന സംഘടനയുടെ ലഹരിവിരുദ്ധ കാമ്പയിന് പിന്നാലെ ഇരുവരും ബാറിലെത്തി മദ്യപിച്ചുവെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് നടപടി. ഇരുവരും മദ്യപിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് നടപടിക്ക് നിർബന്ധിതമായത്.
നേമം ഏരിയാ പ്രസിഡന്റ് ആഷിഖ്, ജില്ലാ കമ്മിറ്റി അംഗം അഭിജിത്ത് എന്നിവരെയാണ് സംഘടനയിൽ നിന്ന് പുറത്താക്കിയത്. അന്തരിച്ച സി.പി.എം. നേതാവ് പി. ബിജുവിന്റെ പേരിലുള്ള ആംബുലൻസ് ഫണ്ട് തട്ടിപ്പിലാണ് പാർട്ടി അന്വേഷണ കമ്മീഷനെ നിയോഗിച്ചത്. അംബുലൻസ് ഫണ്ടിൽ നിന്നും ഒരുലക്ഷം രൂപ തട്ടിച്ചുവെന്നതും കോവിഡ് ബാധിച്ച് മരിച്ച പ്രവർത്തക ആശയുടെ കുടുംബത്തിന് വീട് വെച്ചുനൽകാൻ പിരിച്ചതിൽ നിന്നും ഒരുലക്ഷം രൂപ തട്ടിച്ചുവെന്നുമാണ് ആരോപണം. ഏരിയാ സെക്രട്ടറി മനുകുട്ടനും നിഥിൻ രാജിനുമെതിരെയാണ് അന്വേഷണം.