ഡോ.വന്ദനയുടെ മരണകാരണം ശ്വാസകോശത്തിലേറ്റ ആഴത്തിലുള്ള മുറിവ്; പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്
ഡോ.വന്ദന ദാസിന്‍റെ മരണകാരണം ശ്വാസകോശത്തിലേറ്റ ആഴത്തിലുള്ള മുറിവെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. ശരീരത്തിൽ ആഴത്തിലുള്ള 4 മുറിവുകൾ ഉൾപ്പെടെ 17 മുറിവുകളുണ്ടായിരുന്നു.കൂടുതൽ കുത്തേറ്റത് മുതുകിലെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലുണ്ട്. റിപ്പോർട്ട് ക്രൈം ബ്രാഞ്ചിന് കൈമാറി. അതേസമയം, ഡോ.വന്ദന കൊല്ലപ്പെട്ട സംഭവത്തിൽ പൊലീസിന് ഗുരുതര വീഴ്ച പറ്റിയെന്ന് ആരോഗ്യവകുപ്പിന്റെ അന്വേഷണ റിപ്പോര്‍ട്ടിലുണ്ടായിരുന്നത്.'കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ അക്രമം ഉണ്ടായപ്പോൾ പൊലീസ് പുറത്തേക്കോടി. വാതിൽ പുറത്തുനിന്ന് അടച്ചതിനാലാണ് സന്ദീപ് അത്യാഹിത വിഭാഗത്തിനുള്ളിൽ അക്രമം തുടർന്നു.ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരും കാര്യക്ഷമമായി ഇടവിട്ടില്ലെന്നും റിപ്പോർട്ടിലുണ്ട്. മെഡിക്കൽ ഓഫീസറെ ഡോ.വന്ദന കാര്യങ്ങൾ ധരിപ്പിക്കാൻ പോയ സമയത്താണ് അക്രമം നടന്നതെന്നും റിപ്പോർട്ട്.
കേസിലെ പ്രതി സന്ദീപിനെ ചൊവ്വാഴ്ച കൊട്ടാരക്കര കോടതിയിൽ ഹാജരാക്കും. പ്രൊഡക്ഷൻ വാറണ്ട് കഴിഞ്ഞദിവസം കോടതിയിൽ ഹാജരാക്കിയിരുന്നു. ഇതേ തുടർന്നാണ് പ്രതിയെ ഇന്ന് നേരിട്ട് ഹാജരാക്കുന്നത്.സന്ദീപിനെ അഞ്ചുദിവസത്തെ കസ്റ്റഡിയിൽ വേണമെന്ന ആവശ്യമായിരിക്കും പൊലീസ് മുന്നോട്ടുവെക്കുക. കൊല്ലം കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലാണ് ജോലിക്കിടെ വനിതാ ഡോക്ടറെ കുത്തിക്കൊലപ്പെടുത്തിയത്. ഹൗസ് സർജൻ ഡോ. വന്ദനാ ദാസാണ് (25)കൊല്ലപ്പെട്ടത്. പൊലീസ് പരിശോനക്ക് എത്തിച്ച കൊല്ലം പൂയപ്പള്ളി സ്വദേശി സന്ദീപ് ആണ് ഡോക്ടറെ കുത്തിയത്. പൊലീസുകാർ ഉൾപ്പെടെ നാലുപേർക്കും ആക്രമണത്തിൽ പരിക്കേറ്റു.
ലഹരിക്ക് അടിമയായ സന്ദീപുമായി കഴിഞ്ഞ ബുധനാഴ്ച പുലർച്ചെ നാലുമണിക്കാണ് പൊലീസ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ എത്തിയത്. വീട്ടിലുണ്ടായ പ്രശ്‌നത്തെ തുടർന്ന് സന്ദീപിന്റെ കാലിന് പരിക്കേറ്റിരുന്നു. ഇത് പരിശോധിക്കുന്നതിനിടെയാണ് ഡോ. വന്ദനയെ കുത്തിയത്. ഡോക്ടറുടെ മുറിയിലുണ്ടായിരുന്ന ശസ്ത്രക്രിയ ഉപകരണമെടുത്താണ് കുത്തിപരിക്കേൽപ്പിച്ചത്.