Begin typing your search...

പ്രശസ്ത ഹൃദയ ശസ്ത്രക്രിയാ വിദഗ്ദൻ ഡോ. എം എസ്‌ വല്യത്താൻ അന്തരിച്ചു

പ്രശസ്ത ഹൃദയ ശസ്ത്രക്രിയാ വിദഗ്ദൻ ഡോ. എം എസ്‌ വല്യത്താൻ അന്തരിച്ചു
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ലോക പ്രശസ്ത ഹൃദയ ശസ്ത്രക്രിയാ വിദഗ്ദൻ ഡോ. എം എസ്‌ വല്യത്താൻ (90) അന്തരിച്ചു. തിരുവനന്തപുരം ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിന്റെ സ്ഥാപകനും സ്ഥാപക ഡയറക്ടറുമായിരുന്നു. മണിപ്പാൽ യൂണിവേഴ്സിറ്റിയുടെ ആദ്യ വിസിയുമായിരുന്നു. മണിപ്പാലിൽ വെച്ചാണ് അന്ത്യം. രാജ്യം പത്മശ്രീയും പത്മ വിഭൂഷനും നൽകി ആദരിച്ച ഹൃദയശസ്ത്രക്രിയാ വിദഗ്ദനാണ് വിട പറഞ്ഞത്.

ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലൂടെയാണ് അദ്ദേഹം മലയാളികൾക്കിടയിൽ സുപരിചിതനായത്. ഹൃദയ ശസ്ത്രക്രിയാ മേഖലയിൽ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നടത്തിയ പരീക്ഷണങ്ങളിലെ വിജയം ഇന്ത്യയിൽ തന്നെ ഹൃദയ ശസ്ത്രക്രിയാ മേഖലയിൽ വലിയ മാറ്റവും പുരോഗതിയും സൃഷ്ടിച്ചു.

24 മെയ് 1934 ന് മാർത്തണ്ഡവർമ്മയുടെയും ജാനകി വർമ്മയുടെയും മകനായി മാവേലിക്കരയിലായിരുന്നു ഡോ. വല്യത്താന്റെ ജനനം. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം തിരുവനന്തപുരത്ത് എത്തി. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ പഠനത്തിന് ശേഷം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ആദ്യ ബാച്ചിലായിരുന്നു ഡോ. എം എസ്‌ വല്യത്താന്റെ എംബിബിഎസ് പഠനം. ഇംഗ്ലണ്ടിലെ ലിവർപൂളിലെ ലിവർപൂൾ സർവകലാശാലയിൽ ചേർന്ന അദ്ദേഹം 1960 ൽ റോയൽ കോളേജ് ഓഫ് സർജൻസ് ഓഫ് എഡിൻബർഗിലെയും ഇംഗ്ലണ്ടിലെയും ഫെലോഷിപ്പും ലിവർപൂൾ സർവകലാശാലയിൽ നിന്ന് ശസ്ത്രക്രിയയിൽ ബിരുദാനന്തര ബിരുദവും നേടി.

പോസ്റ്റ് ഗ്രാജുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷൻ ആൻഡ് റിസർച്ചിൽ ഫാക്കൽറ്റി അംഗമായി കുറച്ചുകാലം ജോലി ചെയ്തശേഷം ചണ്ഡിഗഡിലെ ജോൺസ് ഹോപ്കിൻസ്, ജോർജ്ജ് വാഷിംഗ്ടൺ, യുഎസ്എയിലെ ജോർജ്ജ് ടൗൺ യൂണിവേഴ്സിറ്റി ഹോസ്പിറ്റലുകൾ എന്നിവിടങ്ങളിൽ ഹൃദയ ശസ്ത്രക്രിയയെക്കുറിച്ച് കൂടുതൽ പരിശീലനം നേടി. ശ്രീചിത്രയിൽ ഏകദേശം ഇരുപത് വർഷം സേവനം ചെയ്തശേഷമാണ് ഡോ. വല്യത്താൻ മണിപ്പാൽ യൂണിവേഴ്സിറ്റിയുടെ വൈസ് ചാൻസലറായത്.

ഇന്ത്യയിലെ ആരോഗ്യ സാങ്കേതികവിദ്യയ്ക്ക് നൽകിയ സംഭാവനകൾക്ക് ആദ്യം 1990 ൽ പത്മശ്രീയും 2005 ൽ പത്മവിഭൂഷനും നൽകി രാജ്യം ആദരിച്ചു. 1999 ൽ ഫ്രഞ്ച് സർക്കാർ അദ്ദേഹത്തിന് ഷെവലിയർ പട്ടം നൽകി. അന്താരാഷ്ട്ര മെഡിക്കൽ വിദ്യാഭ്യാസത്തിനുള്ള സംഭാവനകൾക്ക് 2009 ൽ ജോൺസ് ഹോപ്കിൻസ് യൂണിവേഴ്സിറ്റി മെഡിക്കൽ സ്കൂളിൽ നിന്ന് ഡോ. സാമുവൽ പി. ആസ്പർ ഇന്റർനാഷണൽ അവാർഡ് അടക്കം ലഭിച്ചു.

വൈദ്യശാസ്ത്ര ലോകത്തിന് കേരളം നൽകിയ മഹത്തായ സംഭാവനയാണ് ഡോ. എം എസ് വല്യത്താനെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പരമ്പരാഗതവും ആധുനികവുമായ വൈദ്യശാസ്ത്ര ചികിത്സാ സമ്പ്രദായങ്ങളെ സമന്വയിപ്പിച്ച് മുന്നോട്ടുപോയ ജനകീയ ഭിഷഗ്വരനായിരുന്നു അദ്ദേഹം. ആധുനിക വൈദ്യശാസ്ത്രത്തിൽ അവഗാഹം ഉണ്ടായിരിക്കെത്തന്നെ ആയുർവേദ വൈദ്യശാസ്ത്രം പഠിക്കാനും അതിൽകൂടി ഗവേഷണം നടത്താനും ഡോ. എം.എസ് വല്യത്താൻ നടത്തിയ ശ്രമങ്ങൾ സമൂഹത്തിൻ്റെ പൊതുവായ ആരോഗ്യ പരിരക്ഷാരംഗത്തിന്റെ സാധ്യതകളെല്ലാം വിനിയോഗിക്കേണ്ടതുണ്ട് എന്ന നിശ്ചയത്തിന്റെ അടിസ്ഥാനത്തിലുള്ളതായിരുന്നു.

നേതൃപദവിയിൽ ഇരുന്ന് ശ്രീചിത്തിര തിരുനാൾ ആശുപത്രിയെ ഉത്തരോത്തരം വളർത്തിയ വ്യക്തിയായിരുന്നു. ഹൃദയ സംബന്ധമായ ചികിത്സയ്ക്കാവശ്യമായ നൂതന സാങ്കേതികവിദ്യകളും ഉപകരണങ്ങളും വികസിപ്പിച്ചു. ഡിസ്പോസിബിൾ ബ്ലഡ് ബാഗ്, തദ്ദേശീയമായി കുറഞ്ഞ ചെലവിൽ ഹൃദയവാൾവ് എന്നിവ വികസിപ്പിക്കുന്നതിലും അദ്ദേഹത്തിന് നേതൃപരമായ പങ്കുണ്ടായിരുന്നു.

ലഗസി ഓഫ് ചരക, ലഗസി ഓഫ് സുശ്രുത, ലഗസി ഓഫ് വാഗ്ഭട എന്നിങ്ങനെ വിശിഷ്ടങ്ങളായ മൂന്നു കൃതികൾ ആയുർവേദ ശാസ്ത്രവുമായി ബന്ധപ്പെട്ട് അദ്ദേഹത്തിൻ്റേതായുണ്ട്. ആയുർവേദത്തിന്റെ സാധ്യതകൾ സാധാരണക്കാർക്ക് മനസ്സിലാകണം എന്ന ഉദ്ദേശ്യത്തോടെ എഴുതപ്പെട്ടതാണ് ഈ കൃതികൾ. മണിപ്പാലിലടക്കം അദ്ദേഹം നടത്തിയ സേവനങ്ങൾ ശ്രദ്ധേയമായിരുന്നുവെന്ന് മുഖ്യമന്ത്രി അനുശോചന കുറിപ്പിൽ പറഞ്ഞു.

WEB DESK
Next Story
Share it