ആരോഗ്യവകുപ്പിന് സ്ഥിരം ഡയറക്ടർ; ഡോ. കെ.ജെ. റീനയെ നിയമിച്ച് ആരോഗ്യമന്ത്രി
ആരോഗ്യ വകുപ്പ് അഡീഷനല്‍ ഡയറക്ടര്‍ ഡോ. കെ.ജെ.റീനയെ ആരോഗ്യ വകുപ്പ് ഡയറക്ടറായി നിയമിച്ചു. ഡയറക്ടറെ നിയമിക്കാൻ വൈകുന്നത് ആരോഗ്യ വകുപ്പിന്റെ പ്രവർത്തനങ്ങളെ ബാധിക്കുന്നുവെന്ന വിമർശനം ശക്തമാകുന്നതിനിടെയാണ് ഡോ. റീനയുടെ നിയമനം. ഒന്നര വർഷത്തോളമായി ആരോഗ്യവകുപ്പ് ഡയറക്ടറുടെ ചുമതല അഡി. ഡയറക്ടർക്കായിരുന്നു.
പുതിയ ഡയറക്ടറെ നിയമിക്കാൻ ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കണ്‍വീനറായി ഒക്ടോബറിൽ കമ്മിറ്റി രൂപീകരിച്ചിരുന്നു. ആദ്യമായാണ് ഡിഎച്ച്എസ് നിയമനത്തിനു കമ്മിറ്റിയെ നിയമിക്കുന്നത്. ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി, നിയമ വകുപ്പ് സെക്രട്ടറി, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ എന്നിവരായിരുന്നു മറ്റ് അംഗങ്ങൾ. ഈ കമ്മിറ്റി സമര്‍പ്പിച്ച പാനലിന്റെ അടിസ്ഥാനത്തിലാണ് ഡോ. കെ.ജെ.റീനയെ ആരോഗ്യ വകുപ്പ് ഡയറക്ടറായി നിയമിച്ചത്.
ആദ്യമായാണ് ഡിഎച്ച്എസ് തസ്തിക ഇത്രയുംകാലം ഒഴിഞ്ഞു കിടക്കുന്നത്. ഡിഎച്ച്എസ് ആയിരുന്ന ഡോ.സരിത 2021 ഏപ്രിലിൽ വിരമിച്ചപ്പോൾ ഡോ.രമേശിനെ ഡയറക്ടറായി നിയമിച്ചു. എന്നാൽ, രണ്ടു മാസത്തിനുശേഷം അദ്ദേഹം ചുമതലയിൽനിന്ന് ഒഴിഞ്ഞപ്പോൾ അഡി.ഡയറക്ടർ ഡോ.രാജുവിനു താൽക്കാലിക ചുമതല നൽകി. ഏതാനും മാസങ്ങൾക്കുശേഷം അദ്ദേഹം വിരമിച്ചപ്പോൾ അഡി.ഡയറക്ടറായ ഡോ.പ്രീതയ്ക്കു താൽക്കാലിക ചുമതല നൽകി. ഡോ.പ്രീത സർവീസിൽനിന്ന് സ്വയം വിരമിക്കാൻ അപേക്ഷ നൽകിയ സാഹചര്യത്തിലാണ് പുതിയ ഡയറക്ടറെ കണ്ടെത്താൻ സമിതി രൂപീകരിച്ചത്.