കോടികൾക്ക് പുല്ലുവില; മദ്യം, ബെറ്റിംഗ് ആപ് പരസ്യം വേണ്ടെന്ന് ശ്രീലീല
അമേരിക്കക്കാരിയായ ശ്രീലീല ഗുണ്ടൂര്കാരത്തിലൂടെ തെന്നിന്ത്യയിലെ സൂപ്പർ നായികയായി ഉയരുകയാണ്. തെലുങ്ക് ചിത്രം ജനപ്രിയമായി മാറിക്കഴിഞ്ഞു. നേരത്തെ രവി തേജ നായകനായ ധമാക്കയിലൂടെയാണ് ശ്രീലീല ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് ചുരുങ്ങിയ കാലത്തിനുള്ളില്‍ തെലുങ്കിലെ മുന്‍നിര നടിയായി. കഴിഞ്ഞവര്‍ഷം പുറത്തിറങ്ങിയ ഭഗവന്ത് കേസരിയിലെ ശ്രീലീലയുടെ പ്രകടനം വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഡാന്‍സും ഫൈറ്റുമെല്ലാം ഒന്നിനൊന്ന് ഗംഭീരമായിരുന്നു. ഈ സിനിമ വലിയ വിജയമാവുകയും ചെയ്തു.
ഇപ്പോഴിതാ നടിയുടെ ഒരു തീരുമാനം വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ്. പ്രമുഖ പരസ്യ ബ്രാന്‍ഡുകളുടെ ഓഫറുകൾ നടി നിരസിച്ചിരിക്കുന്നു. ലഭിക്കുമായിരുന്ന കോടികളാണ് ഇതുവഴി ശ്രീലീലയ്ക്ക് നഷ്ടമായത്. പ്രമുഖ മദ്യ ബ്രാന്ഡിന്റെയും ബെറ്റിംഗ് ആപ്പിന്റെയും പരസ്യങ്ങളാണ് നടി വേണ്ടെന്ന് വച്ചത്. പബ്ലിക് ഇമേജ് കൂടി മുന്നില്‍ കണ്ടാണ് നടി ഈ തീരുമാനമെടുത്തത്.
ജനങ്ങള്‍ക്ക് നല്ല സന്ദേശം നല്‍കുക എന്നത് കൂടിയാണ് ഇതിലൂടെ ശ്രീലീല ലക്ഷ്യമിടുന്നത്. അതേസമയം ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. സിനിമ മേഖലയില്‍ വിവാദങ്ങള്‍ ഉണ്ടാക്കാന്‍ സാധ്യതയുള്ള ബ്രാന്‍ഡുകളുമായി സഹകരിക്കില്ലെന്ന നിലപാടിലാണ് നടിയെന്നാണ് സൂചന. സാമ്പത്തിക നേട്ടങ്ങളേക്കാള്‍ ധാര്‍മികമായ കാര്യങ്ങള്‍ക്കാണ് നടി മുന്‍തൂക്കംനല്‍കുന്നത്. ഈ റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ നിരവധിപ്പേർ നടിയുടെ തീരുമാനത്തെ അഭിനന്ദിച്ച് രംഗത്തെത്തി.