Begin typing your search...

പി.ജെ ജോസഫിനെതിരായ  എം.എം മണിയുടെ പരിഹാസത്തിന് മറുപടിയുമായി ഡീൻ കുര്യക്കോസ്

പി.ജെ ജോസഫിനെതിരായ  എം.എം മണിയുടെ പരിഹാസത്തിന് മറുപടിയുമായി ഡീൻ കുര്യക്കോസ്
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

പിജെ ജോസഫ് ഇടുക്കിക്ക് നൽകിയ സംഭാവനകൾക്ക് എംഎം മണിയുടെ സർട്ടിഫിക്കറ്റ് വേണ്ടെന്ന് ഡീൻ കുര്യക്കോസ് എംപി. പിജെ ജോസഫിനെതിരായ എംഎം മണിയുടെ പരിഹാസത്തിനായിരുന്നു ഡീൻ കുര്യക്കോസിന്റെ മറുപടി. ഒരു ഉദ്ഘാടന പരിപാടിയിൽ പങ്കെടുത്തില്ല എന്നുവച്ച് വികസന വിരോധി ആകില്ലെന്നും അദ്ദേഹം പറഞ്ഞു.

മുട്ടത്തെ ഉദ്ഘാടനം മുഖ്യമന്ത്രിക്ക് തോന്നുന്ന സമയത്താണ് തീരുമാനിച്ചതെന്നും സിപിഎം നേതാക്കളുടെ ചിലവിൽ അല്ല താൻ ജീവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സിപിഎം ജില്ല സെക്രട്ടറി സിവി വർഗീസിനെതിരെയും ഡീൻ കുര്യാക്കോസ് ആഞ്ഞടിച്ചു. സിവി വർഗീസിന്റെയും എംഎം മണിയുടെയും പാട്ട പറമ്പിൽ അല്ല തങ്ങൾ കിടക്കുന്നത്. ഇവർ പറയുന്നത് കേട്ട് പഞ്ച പുച്ഛമടക്കി നിൽക്കുന്നവർ ഉണ്ടാകുമെന്നും തന്നെ ആ കൂട്ടത്തിൽ പെടുത്തേണ്ടന്നും ഡീൻ കുര്യക്കോസ് കൂട്ടിചേർത്തു.

തൊടുപുഴക്കാരുടെ ഗതികേടാണ് പിജെ ജോസഫ് എന്നതായിരുന്നു എംഎം മണി എംഎല്‍എയുടെ പരിഹാസം. പിജെ ജോസഫ് നിയമസഭയില്‍ കാലു കുത്തുന്നില്ലെന്നും രോഗം ഉണ്ടെങ്കില്‍ ചികിത്സിക്കുകയാണ് വേണ്ടതെന്നും എംഎം മണി പറഞ്ഞിരുന്നു. പിജെ ജോസഫിന് ബോധമില്ലെന്നും ചത്താല്‍ പോലും കസേര വിടില്ലെന്നും എംഎം മണി അധിക്ഷേപിച്ചിരുന്നു.

അതേസമയം ഇതിന് മറുപടിയായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ മണിയെ നിലയ്ക്കു നിര്‍ത്താന്‍ സിപിഎമ്മും മുഖ്യമന്ത്രിയും ഇടപെടണമെന്ന് പറഞ്ഞിരുന്നു. കേരളത്തിലെ ഏറ്റവും മുതിര്‍ന്ന രാഷ്ട്രീയ നേതാക്കളില്‍ ഒരാളായ പി.ജെ ജോസഫിനെ അധിക്ഷേപിച്ച എം.എം മണി കേരളത്തിന്‍റെയാകെയും സിപിഎമ്മിന്‍റെയും ഗതികേടായി മാറരുതെന്നും വിഡി സതീശൻ പറഞ്ഞിരുന്നു.

മറുപടി ഇല്ലാതെ വരുമ്പോഴും സര്‍ക്കാര്‍ പ്രതിസന്ധിയിലാകുമ്പോഴും രാഷ്ട്രീയ എതിരാളികളെ അധിക്ഷേപിക്കാന്‍ എംഎം മണിയെ പോലുള്ള വാപോയ കോടാലികളെ ഇറക്കി വിടുന്നത് സിപിഎം കാലങ്ങളായി പയറ്റുന്ന തന്ത്രമാണെന്നും പ്രതിപക്ഷ നേതാവി പറഞ്ഞു. ഇതിന് മുന്‍പും മണിയുടെ അശ്ലീല വാക്കുകള്‍ കേരളത്തിന്‍റെ സാംസ്‌കാരിക അന്തരീക്ഷത്തെ വിഷലിപ്തമാക്കിയിട്ടുണ്ടെന്നും സിപിഎമ്മിന്‍റെ മൗനാനുവാദത്തോടെയാണ് കെകെ രമ എംഎല്‍എയെ നിയമസഭയില്‍ അധിഷേപിച്ചതെന്നും അദ്ദേഹം കൂട്ടിചേർത്തു. ജനപ്രതിനിധികള്‍, വനിതാ നേതാക്കള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കെതിരെ കേട്ടാല്‍ അറയ്ക്കുന്ന വാക്കുകളാണ് മണിയുടെ വായില്‍ നിന്നും വന്നിട്ടുള്ളതെന്നും വിഡി സതീശൻ പറഞ്ഞു.

WEB DESK
Next Story
Share it