ക്യാമറ; ആദ്യ 24 മണിക്കൂറിൽ കുടുങ്ങിയത് 84,000 പേർ
റോഡ് ക്യാമറയിൽ ഗതാഗത നിയമലംഘനം കണ്ടെത്തിയവർക്ക് ചെലാൻ വിതരണം ഇന്നലെയും മുടങ്ങി. നാഷനൽ ഇൻഫർമാറ്റിക്സ് സെന്ററിലെ സെർവർ കേടായതിനാലാണ് ചെലാൻ വിതരണം ഇതുവരെ തുടങ്ങാൻ കഴിയാത്തത്. ചെലാൻ സജ്ജമാകാതെ എസ്എംഎസ് അയയ്ക്കേണ്ടെന്നാണു തീരുമാനം. പരീക്ഷണാർഥം അയച്ച എസ്എംഎസിലും ഉദ്ദേശിച്ചതുപോലെ കാര്യങ്ങൾ നടന്നില്ല. എസ്എംഎസിൽ ഉള്ള ലിങ്ക് തുറക്കുമ്പോഴാണ് ഏതു കുറ്റത്തിനാണ് പിഴയിട്ടതെന്ന് അറിയാൻ കഴിയുക. പരീക്ഷണാർഥം അയച്ച എസ്എംഎസിൽ ഇൗ ലിങ്ക് തുറക്കാൻ കഴിഞ്ഞില്ല. ഇൗ പ്രശ്നവും പരിഹരിച്ച ശേഷമാകും എസ്എംഎസ് അയച്ചുതുടങ്ങുക.
പിഴയീടാക്കി തുടങ്ങിയ തിങ്കളാഴ്ച രാവിലെ 8 മുതൽ ഇന്നലെ രാവിലെ 8 വരെ ക്യാമറയിൽ നിയമലംഘനത്തിന് കുടുങ്ങിയത് 84,085 പേരാണ്. 24 മണിക്കൂറിലെ ഇൗ കണക്ക്, മുൻപുള്ളതിന്റെ പകുതിയാണെന്നു ഗതാഗതവകുപ്പ് പറയുന്നു.
ഇന്നലെ രാവിലെ 8 മുതൽ വൈകിട്ട് 5 വരെയുള്ള കണക്കിൽ 29,134 നിയമലംഘനങ്ങൾ കണ്ടെത്തി. ഇൗ മണിക്കൂറുകളിൽ ആദ്യത്തെ ദിവസത്തെക്കാൾ കൂടുതലാണു കണക്ക്. എന്നാൽ ക്യാമറകളിൽ നിന്നു പ്രധാന കൺട്രോൾ റൂമിലേക്ക് എത്തുന്ന കണക്കുകൾ മണിക്കൂറുകൾ വൈകിയാണെന്നതാണ് ഇപ്പോൾ നേരിടുന്ന പ്രശ്നം. 4 ജി സിം കാർഡാണ് ക്യാമറകളിൽനിന്നു ഡേറ്റാ ട്രാൻസ്ഫറിനു നൽകിയിട്ടുള്ളത്. നിയമലംഘന ചിത്രം എടുത്താൽ ഇതു ക്യാമറ തന്നെ പരിശോധിച്ച് അവിടെത്തന്നെ ശേഖരിക്കും. ഇവിടെ നിന്നു സെർവറിലേക്ക് നെറ്റ്‌വർക് കൃത്യമായില്ലെങ്കിലോ സെർവർ കണക്‌ഷൻ കിട്ടിയില്ലെങ്കിലോ ഇതു വൈകും. 7 മണിക്കൂർ വരെ വൈകി ചിത്രങ്ങൾ കൺട്രോൾ റൂമിലേക്ക് ലഭിച്ചുവെന്നും അധികൃതർ വ്യക്തമാക്കുന്നു. അതുകൊണ്ട് കണക്കുകളിൽ പിന്നീട് വർധനയുണ്ടാകും